ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; അമിത് ഷാ
ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; അമിത് ഷാ

ഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. തിരഞ്ഞെടുപ്പെല്ലാം ഒരുമിച്ചാക്കും എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. എന്‍ഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും.

ബംഗാളില്‍ 30 സീറ്റെങ്കിലും നേടും. ബിഹാറില്‍ 2019ലേതിനു സമാനമായിരിക്കും ബിജെപിയുടെ സീറ്റ് നില. ഒഡീഷയില്‍ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയില്‍ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശില്‍ 17-18 സീറ്റുകള്‍ നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിനു നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സംവരണ വ്യവസ്ഥകള്‍ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടന ഭേദഗതി ചെയ്യാന്‍ തക്ക ശക്തി പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്കുണ്ട്. എന്നാല്‍ ബിജെപി ഒരിക്കലും അതിനു മുതിര്‍ന്നിട്ടില്ല. മറിച്ച്, കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്ലീംങ്ങള്‍ക്ക് സംവരണം നല്‍കിയത്.

ഏക സിവില്‍ കോഡ് കേന്ദ്രത്തിന്റെ വലിയ തീരുമാനം ആയിരുന്നു. മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയവയും. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോണ്‍ഗ്രസ് വര്‍ഷങ്ങളായി ക്ഷേത്രനിര്‍മാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവര്‍ കണ്ടു. എന്നാല്‍ കോണ്‍ഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്നില്ല. അവരുടെ വോട്ടുപ്രതീക്ഷകളെ അതു ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദര്‍ശിക്കുന്ന പാര്‍ട്ടി നേതാക്കന്മാരെയും അണികളെയും അവര്‍ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്.

ഏക സിവില്‍ കോഡ് എന്നത് ബിജെപിയുടെ അജണ്ടയല്ല. അതു ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡില്‍ നടപ്പാക്കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അതു നടപ്പാക്കുമെന്നാണ് സങ്കല്‍പ്പ് പത്രയില്‍ ഞങ്ങള്‍ പറയുന്നത്. വലിയ സാമൂഹിക പരിഷ്‌കരണമാണ് ഏക സിവില്‍ കോഡ്.

Top