10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി

10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി
10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി

ന്യൂയോര്‍ക്ക്: 10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹം കോടതി മുറിയില്‍. കല്യാണത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി. 33കാരനായ ആന്റണി സാന്റിയാഗോ എന്നയാള്‍ക്ക് ശിക്ഷ വിധിച്ച അതേ ജഡ്ജി മെലീന മക്ഗുന്നിഗിള്‍ തന്നെയാണ് വിവാഹം നടത്തിക്കൊടുത്തത്. 10 വര്‍ഷത്തെ തടവ് വിധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം. കാമുകി വിക്ടോറിയയെയാണ് സാന്റിഗോ വിവാഹം കഴിച്ചിരിക്കുന്നത്.

ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് ദമ്പതികളെ കോടതിക്കുള്ളില്‍വച്ചുതന്നെ ജഡ്ജി ഭാര്യാഭര്‍ത്താക്കന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഒഹായോ സ്വദേശിയാണ് സാന്റിയാഗോ. 2022ലെ വീടാക്രമണ കേസിലാണ് സാന്റിഗോയ്ക്ക് ശിക്ഷ വിധിച്ചത്. നോര്‍ത്ത് സിറാക്കൂസിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാണ് കേസ്. കാര്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ സിറാക്കൂസിലെ വീട്ടില്‍ ആദ്യം എത്തിയത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ വീടിനകത്ത് വലിയ അളവില്‍ കഞ്ചാവ് കാണുകയും ഈ വിവരം സാന്റിയാഗോ തന്റെ രണ്ട് സുഹൃത്തുക്കളോട് പറഞ്ഞു.

ക്ലീവ്ലാന്‍ഡില്‍ താമസിച്ചിരുന്ന 18 -കാരനായ മാലിക് ഷാബാസ്, 31 -കാരനായ ആന്‍ഡ്രസ് അര്‍സോള ടോറെ എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. തുടര്‍ന്ന് വീട് കൊള്ളയടിക്കാന്‍ ഇവര്‍ തീരുമാനിച്ചു. 2022 ജൂണ്‍ 27 നാണ് മൂന്ന് പ്രതികളും കവര്‍ച്ച നടത്തിയത്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്തീയും നാല് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. പ്രതികള്‍ ഇവരെ ആക്രമിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സാന്റിയാഗോ സ്ഥിരം കുറ്റവാളിയാണെന്നും ഇതിന് മുമ്പ് മൂന്ന് തവണ ശിക്ഷിക്കപ്പെട്ടയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2022 ഡിസംബറില്‍, സമാനമായി ഒരു വിവാഹം വിര്‍ജീനിയ ജയിലില്‍ നടന്നിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top