കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ജോയിൻ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായും കഴിഞ്ഞ ദിവസം തന്നെ താരം ചർച്ച നടത്തിയിരുന്നു. സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി എന്നതാണ് നടീ നടൻമാർക്കിടയിലെ ചർച്ച. അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം.
കൂടുതൽ വിശദാംശങ്ങൾ ചുവടെ:
സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. സംഘടനയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറൽ സെക്രട്ടറിയുടേത്. മുതിർന്ന അംഗമായ സിദ്ദിഖ് മാറുമ്പോൾ മറ്റൊരു മുതിർന്ന അംഗം വരേണ്ടെ എന്നാണ് ചോദ്യവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്.
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്ന് കിട്ടിയ കയ്യടിയും ജഗദീഷിൻറെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെങ്കിൽ ബൈലോയിൽ തിരുത്തൽ വേണം. അതിന് ജനറൽ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ.അത്തരമൊരു വൻ നീക്കം അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും കണ്ട് അറിയാം.
Also read: തുടരുന്ന ആരോപണങ്ങൾ; അന്വേഷണത്തിനൊരുങ്ങി സർക്കാർ
വനിതാ ജനറൽ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്. വനിതാ അംഗം സെക്രട്ടറിയായി വന്നാൽ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചർച്ചകൾ നടത്താൻ സഹായകമാകുമെന്ന വാദവും ഉയർന്നിട്ടുണ്ട്.കു ഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ തെരഞ്ഞെടുപ്പിന് മുൻപേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവർ പുതിയ സാഹചര്യത്തിൽ നേതൃനിരയിലേക്ക് വരുമോ എന്നതും ആകാംഷ ഉളവാക്കുന്ന ഒന്നാണ്.