മുംബൈ: നിര്‍ഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് നടി ആലിയ ഭട്ട്. കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് താരം തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
‘മറ്റൊരു ക്രൂരമായ ബലാത്സംഗം. സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്റെ മറ്റൊരു ദിനം കൂടി കടന്നുപോയി’- എന്നും താരം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രി സെമിനാര്‍ ഹാളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാള്‍ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുകയാണ്.
‘ഈ വേദനയില്‍ അതിജീവിതയുടെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കുന്നു. എന്ത് വിലകൊടുത്തും അവര്‍ക്ക് നീതി ലഭ്യമാക്കണം’ എന്ന് കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘മെഡിക്കല്‍ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ എങ്ങനെ പഠനത്തിനായി പുറത്തേക്ക് അയക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.