ബെംഗളൂരു: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള വിശദമായ തിരച്ചില്‍ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചില്‍ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയില്‍ അടയാളപ്പെടുത്തിയ സ്‌പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കുക.
ഗംഗാവലി പുഴയിലെ വേലിയിറക്ക സമയത്ത് കൂടുതല്‍ ഡ്രഡ്ജിങ് ക്രമീകരിക്കും. ഷിരൂരില്‍ നിലവില്‍ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണുള്ളത്. അര്‍ജുന്റെ സഹോദരി അഞ്ജു ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ അവസാന ശ്രമമാണെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉത്തര കന്നഡ കളക്ടര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഡ്രഡ്ജിങ് 10 ദിവസം വരെ നീട്ടും. ദൗത്യം ഫലം കാണാന്‍ പരാമാവധി ശ്രമം നടത്തുമെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പ്രതികരിച്ചു.
മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജര്‍ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പ്പെയും പരിശോധനയ്ക്കെത്തിയിരുന്നു. ഓഗസ്റ്റ് 16നാണ് ഷിരൂരിലെ തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.