CMDRF

മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ പിഴ; ഹെൽമറ്റില്ലെങ്കിൽ 2000 റിയാൽ, കർശന നിയമവുമായി സൗദി

മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ പിഴ; ഹെൽമറ്റില്ലെങ്കിൽ 2000 റിയാൽ, കർശന നിയമവുമായി സൗദി
മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ പിഴ; ഹെൽമറ്റില്ലെങ്കിൽ 2000 റിയാൽ, കർശന നിയമവുമായി സൗദി

റിയാദ്: സൗദിയിൽ ബൈക്ക് റൈഡർമാരുടെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യക്തമാക്കി സൗദി മന്ത്രാലയം. മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ വരെയും ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്താൽ 2,000 റിയാൽ വരെയും പിഴ ഈടാക്കുമെന്ന് സൗദി അറേബ്യയുടെ മോട്ടോർ സൈക്കിൾ പൊതു സുരക്ഷാ വിഭാഗം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റൈഡർമാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടങ്ങൾ വരുത്തിവെക്കും എന്നതിനാലാണ് ഇത്തരത്തിലുള്ള നിയമലംഘകർക്ക് ശക്തമായ ശിക്ഷ നടപടികളുമായി സൗദി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ബൈക്ക് യാത്രക്കാരുടെ ട്രാഫിക് നിയമലംഘനങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വെവ്വേറെ പിഴകൾ സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങളുടെ കാറ്റഗറി 1 ൽ അനധികൃത സ്ഥലങ്ങളിൽ പാർക്കിംഗ്, സാധുവായ വാഹന ഇൻഷുറൻസ് ഇല്ലാത്തത് തുടങ്ങിയവയാണ് ഉൾപ്പെടുക. ഈ നിയമലംഘനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെ പിഴ ഈടാക്കും.

ബൈക്ക് ടേൺ എടുക്കുമ്പോൾ സിഗ്‌നലുകൾ ഉപയോഗിക്കാതിരിക്കുക, കൂടാതെ ലൈസൻസില്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് 150 മുതൽ 300 റിയാൽ വരെയാണ് പിഴ ഈടാക്കുന്നത്. കാറ്റഗറി 2-ലാണ് ഈ നിയമലംഘനങ്ങൾ വരുന്നത്. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, സുരക്ഷാ സീറ്റുകളുടെ തെറ്റായ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് കാറ്റഗറി 3 പ്രകാരം 300 മുതൽ 500 റിയാൽ വരെയാണ് പിഴ.

അതേസമയം ആംബുലൻസിനെ പിന്തുടരുക, രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഓടിക്കുക തുടങ്ങിയ കാറ്റഗറി 4 കുറ്റങ്ങൾക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ഈടാക്കും, അനധികൃത വാഹനങ്ങൾ ഉപയോഗിക്കൽ, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള കാറ്റഗറി 5-ൽ വരുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്ക് 1,000 മുതൽ 2,000 റിയാൽ വരെയാണ് സൗദി പിഴ ചുമത്തുന്നത്.

കൂടാതെ റോഡ് അടയാളങ്ങളിൽ കൃത്രിമം കാണിക്കൽ, പൊതുനിരത്തിൽ മത്സര ഓട്ടം തുടങ്ങിയ കുറ്റങ്ങൾക്ക് 3,000 മുതൽ 6,000 റിയാൽ വരെ പിഴ ഈടാക്കുന്നതാണ്. ഇവ കാറ്റഗറി 6 ലാണ് വരുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കാറ്റഗറി 7ൽ വളരെ ഉയർന്ന രീതിയിൽ 5,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.

Top