CMDRF

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി; പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുക ലക്ഷ്യം

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി; പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുക ലക്ഷ്യം
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി; പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുക ലക്ഷ്യം

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ഒരു ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളും വൈത്തിരി തഹസിൽദാർ കൺവീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. താൽക്കാലിക പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ 65 കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കിക്കഴിഞ്ഞു.

ഇതിനു പുറമെ, അറ്റകുറ്റപണികൾക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താൽക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. വാടക നൽകി ഉപയോഗിക്കാവുന്ന 286 വീടുകൾ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുട്ടിൽ എന്നിങ്ങനെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വാടകവീടുകൾ കണ്ടെത്താനാണ് തീരുമാനം. കണ്ടെത്തിയ കെട്ടിടങ്ങൾ താമസയോഗ്യമാണോ, ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും.

വാടക സംബന്ധിച്ച് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസൺ മലയാളം കമ്പനി 102 തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാം എന്നറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യമടക്കമുള്ളവ സമിതി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകും. താൽക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങൾ ഓഗസ്റ്റ് 19ന് സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

Top