ഏഥന്‍സ്: ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നിരവധി വീടുകള്‍ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് വിശദമാക്കിയിരിക്കുന്നത്.
പ്രാദേശികരായ 650 അഗ്‌നിരക്ഷാ പ്രവര്‍ത്തകരും 200ലേറെ അഗ്‌നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയര്‍ ഫൈറ്റേഴ്‌സും ശ്രമിച്ചിട്ടും കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്. ഇറ്റലി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ ഗ്രീസിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഏഥന്‍സില്‍ നിന്ന് വെറും പത്ത് മൈല്‍ മാത്രം അകലെയുള്ള പെന്റെലിയിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചിട്ടുള്ളത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് ഗ്രീസില്‍ പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടത്. 2018ല്‍ നൂറിലേറെ പേരാണ് ഗ്രീസിലെ മാള്‍ടിയില്‍ കാട്ടുതീയില്‍ കൊല്ലപ്പെട്ടത്. ഗ്രീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ മാസങ്ങളായാണ് ജൂണ്‍, ജൂലൈ മാസങ്ങള്‍ കടന്ന് പോവുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂട് തുടരുകയാണ് ജര്‍മ്മനിയില്‍ ഉഷ്ണതരംഗം ശക്തമായി. താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പിന്നാലെ തെരുവുകളില്‍ കഴിയുന്നവര്‍ക്കായി താല്‍കാലിക താമസസ്ഥലം സന്നദ്ധ സംഘടനകള്‍ ഒരുക്കി നല്‍കുന്നുണ്ട്. ഇതിനിടയില്‍ വീണ് കിട്ടിയ അവസരം മുതലാക്കുന്നുണ്ട് സര്‍ഫിംഗ് പ്രേമികള്‍. വേനല്‍ക്കാല ഉല്ലാസങ്ങള്‍ക്കും ആളുകള്‍ പലയിടങ്ങളിലും എത്തുന്നുണ്ട്. ഇറ്റലിയിലും ബ്രിട്ടനിലും ചൂട് അസഹനീയമായ അവസ്ഥയാണുള്ളത്.