CMDRF

കെജ്രിവാളിന്റെ ജാമ്യം തടഞ്ഞതില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതിക്ക് കത്ത് നല്‍കി

കെജ്രിവാളിന്റെ ജാമ്യം തടഞ്ഞതില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതിക്ക് കത്ത് നല്‍കി
കെജ്രിവാളിന്റെ ജാമ്യം തടഞ്ഞതില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതിക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടിയില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്ത് നല്‍കി. ഇതുവരെയില്ലാത്ത കീഴ്വഴക്കമാണ് ഈ നടപടിയെന്ന് ചൂണ്ടി കാണിച്ച് ഡല്‍ഹി ഹൈക്കോടതിയിലും ജില്ലാ കോടതികളിലുമുള്ള അഭിഭാഷകരാണ് കത്ത് നല്‍കിയത്.

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് ജൂണ്‍ 20ന് റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം തൊട്ടടുത്ത ദിവസം ഇഡി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. പിന്നാലെ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കെജ്രിവാളിന് ജയിലില്‍ തുടരേണ്ട സാഹചര്യം ഒരുങ്ങുകയായിരുന്നു.

വിചാരണ കോടതി ജാമ്യം നല്‍കിയ വിധിന്യായം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുംമുമ്പ് ഹൈക്കോടതി ഇഡിയുടെ വാദം കേട്ടെന്നും ഉത്തരവിന്റെ പകര്‍പ്പ് കാണാതെ കോടതിക്ക് എങ്ങനെ തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും അഭിഭാഷകര്‍ ചോദിക്കുന്നു. വ്യവസ്ഥകളോടെ ജാമ്യം നല്‍കുന്നതിനെ കോടതി എന്തുകൊണ്ട് എതിര്‍ത്തുവെന്നത് വ്യക്തമല്ല. അഭിഭാഷകരുടെ വാദം സ്റ്റേ ഓര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവങ്ങളാണ് ഇതെല്ലാം.

ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ സെല്ലില്‍നിന്നുള്ള അഭിഭാഷകര്‍ ഉള്‍പ്പെടെയാണ് കത്ത് നല്‍കിയത്. ജാമ്യം നല്‍കാന്‍ കാലതാമസം വരുന്നതിലും അഭിഭാഷകര്‍ ആശങ്കയറിയിച്ചു. ഇത് നീതിന്യായ തത്വങ്ങള്‍ക്ക് എതിരാണെന്നും സ്വാതന്ത്ര്യത്തിനുള്ള മൗലികാവശത്തിന്റെ നിഷേധമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇത്തരം നടപടികള്‍ കാരണമാകുമെന്നും ഒമ്പത് പേജുള്ള കത്തില്‍ പറയുന്നു.

അതേസമയം, ജാമ്യാപേക്ഷയില്‍ ഇഡിയോടും സിബിഐയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 17നാണ്.

Top