തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ആദ്യ അവലോകന യോഗമാണ്. ഇന്നലെ സര്‍വീസ് സംഘടനകളും ആയി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്നത്തെ യോഗത്തിനുശേഷം വൈദ്യുതി നിയന്ത്രണതില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുത്തേക്കും.
അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനം. അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറുഭാഗത്ത്. ചൂട് കാലത്തു ശരിക്കും ഷോക്കടിച്ച അവസ്ഥയിലാണ് സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവില്‍ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപ്പിക്കാനുമായാണ് കണ്‍ട്രോള്‍ റൂം തുറക്കാനുള്ള തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്. പ്രതിസന്ധിയെ തുടര്‍ന്ന് ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവ എകോപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനം ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വെദ്യുതി ഉപഭോഗം ഇരട്ടിയായതാണ് പ്രതിസന്ധിക്ക് കാരണം. തല്‍ക്കാലം ലോഡ് ഷെഡ്ഡിങ്ങ് ഇല്ലെങ്കിലും പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നും പ്രതിസന്ധിയില്‍ അയവില്ലാത്തതിനെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള വഴികള്‍ സമിതിയുടെ ആലോചനയിലുണ്ട്. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും തീരുമാനമുണ്ട്.