CMDRF

ഇന്ത്യയ്ക്കുമുന്നിൽ കീഴടങ്ങിയ പാക്ക് സേന: ബംഗ്ലാദേശിലെ ചരിത്ര പ്രതിമ തകർക്കപ്പെട്ടു

ഇന്ത്യയ്ക്കുമുന്നിൽ കീഴടങ്ങിയ പാക്ക് സേന: ബംഗ്ലാദേശിലെ ചരിത്ര പ്രതിമ തകർക്കപ്പെട്ടു
ഇന്ത്യയ്ക്കുമുന്നിൽ കീഴടങ്ങിയ പാക്ക് സേന: ബംഗ്ലാദേശിലെ ചരിത്ര പ്രതിമ തകർക്കപ്പെട്ടു

ന്യൂഡല്‍ഹി: ബം​ഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി മുജീബ് നഗറിൽ സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബംഗ്ലദേശ് വിമോചന സ്മരണയ്ക്കായാണ് പ്രതിമ സ്ഥാപിച്ചത്. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്.

1971-ലെ യുദ്ധത്തിന് പിന്നാലെ പാക്കിസ്ഥാൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമകളുടെ തകർന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ പ്രതികരിച്ചിരിക്കുന്നത്. മുജീബ് നഗറിലെ ഷഹീദ് മെമ്മോറിയൽ കോംപ്ലക്‌സിലാണ് പ്രതിമകൾ ഉണ്ടായിരുന്നത്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനും ക്ഷേത്രങ്ങൾക്കും ഹിന്ദു ഭവനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്കു പിന്നാലെയാണിത്. ബംഗ്ലാദേശ് വിമോചനത്തിന്‍റെ സ്മരണകൾ തകർക്കപ്പെട്ടനിലയിൽ കാണുന്നതിൽ വിഷമമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും തരൂർ എക്സിൽ കുറിച്ചു.

ഈ പ്രക്ഷുഭ്ധമായ കാലത്ത് ബം​ഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. എന്നാൽ, ഇത്തരം അരാജകത്വം അം​ഗീകരിക്കാനാവില്ല. രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ബം​ഗ്ലാദേശിന്റെ വിമോചനത്തിനുമപ്പുറം പാക്കിസ്ഥാനേറ്റ കനത്ത തിരിച്ചടി കൂടിയായിരുന്നു 1971-ലെ യുദ്ധം. പാക്ക് സേനയുടെ മേജർ ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി കീഴടങ്ങുന്നതായി ഒപ്പിടുന്നതാണു പ്രതിമയായി ചിത്രീകരിച്ചിരുന്നത്. മേജർ ജനറൽ നിയാസി 93,000 സൈനികരുമായി ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡിന്റെ അന്നത്തെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന ലഫ്. ജനറൽ ജഗ്ജിത് സിങ് അറോറയ്ക്ക് മുന്നിലാണു കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. ഈ കീഴടങ്ങൽ ചിത്രീകരിച്ച പ്രതിമയാണ് തകർക്കപ്പെട്ടത്.

Top