ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ മതില്‍ തുരന്ന നിലയിലെന്ന് സമാജ്വാദി പാര്‍ട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മിര്‍സാപൂരിലാണു സംഭവം.
എക്സിലൂടെയാണ് എസ്.പി ആരോപണമുന്നയിച്ചത്. മിര്‍സാപൂരിലെ പോളിടെക്നിക് കോളജിലെ മതില്‍ തകര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്ട്രോങ് റൂമില്‍ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്.പി ആരോപിച്ചു.
മിര്‍സാപൂര്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ ബന്ധുവാണ്. വോട്ട് എണ്ണലില്‍ സുതാര്യത പ്രതീക്ഷിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് ഒരു തരത്തിലുമുള്ള പരാതിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും മജിസ്ട്രേറ്റ് വോട്ടെണ്ണലിനെ സ്വാധീനിക്കാനുള്ള സാധ്യത തടയണമെന്നും എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്നാദള്‍ നേതാവും സിറ്റിങ് എം.പിയുമായ അനുപ്രിയ സിങ് പട്ടേല്‍ ആണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥി. രമേശ് ചന്ദ് ബിന്ദ് ആണ് എസ്.പിക്കു വേണ്ടി ജനവിധി തേടുന്നത്. ബി.എസ്.പിയുടെ മനീഷ് കുമാറും ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്റെ സമീര്‍ സിങ്ങും രാഷ്ട്രീയ സമാജ്വാദി ജന്‍ക്രാന്തി പാര്‍ട്ടിയുടെ രാമധാനിയും രണ്ടു സ്വതന്ത്രരും ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.
2019ല്‍ മിര്‍സാപൂരില്‍ കോണ്‍ഗ്രസും എസ്.പിയും ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാ?ഗമായി രണ്ടു പാര്‍ട്ടികളും ഒന്നിച്ചാണ്.