തുണി കഴുകുമ്പോൾ ആറ്റിൽ വീണ വീട്ടമ്മ ഒഴുകിയത് 10 കിലോമീറ്ററോളം

തുണി കഴുകുമ്പോൾ ആറ്റിൽ വീണ വീട്ടമ്മ ഒഴുകിയത് 10 കിലോമീറ്ററോളം
തുണി കഴുകുമ്പോൾ ആറ്റിൽ വീണ വീട്ടമ്മ ഒഴുകിയത് 10 കിലോമീറ്ററോളം

കൊല്ലം: തുണി കഴുകുന്നതിനിടെ കാൽവഴുതി കല്ലട ആറ്റിൽ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം. ഒഴുക്കിൽപ്പെട്ട് 10 കിലോമീറ്ററോളമാണ് കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) ഒഴുകിയത്. വള്ളിയിൽ തടഞ്ഞു നിന്നതോടെ ശ്യാമളയുടെ നിലവിളികേട്ട് പരിസരവാസികളാണ് ഇവരെ രക്ഷപെടുത്തി. ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പറഞ്ഞത്. നീന്തൽ അറിയില്ലായിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. പലരും ഒഴുക്കിൽപ്പെട്ട് പോകുന്നത് ദൃശ്യം പകർത്തിയെങ്കിലും ഇവർക്ക് ജീവൻ ഉണ്ടായിരുന്നെന്ന് കരുതിയിരുന്നില്ല.

ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി ശ്യാമളയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. നല്ല ആഴമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Top