കൊച്ചി: മഴയെത്തിയതോടെ ഡെങ്കിപ്പനി കേസുകളിലും വന്‍ വര്‍ധന. ജൂണില്‍ 2152 ഡെങ്കിപ്പനി കേസുകളും നാല് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് രോഗബാധിതര്‍ കൂടുതല്‍. 601 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 672 കേസുകളുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍ 302 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 797 കേസുകളുമുണ്ട്.
ഡെങ്കിപ്പനി സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാറുള്ള പ്രദേശങ്ങളില്‍ മഴക്കാലം മുന്നില്‍ക്കണ്ട് കൊതുകിന്റെ ഉറവിട നശീകരണം, മാലിന്യ സംസ്‌കരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കളമശ്ശേരി, എടത്തല, തൃക്കാക്കര, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, വരാപ്പുഴ അടക്കമുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊതുകിന്റെ പ്രജനനത്തിന് അനുയോജ്യമായ രീതിയില്‍ കൃത്യമായ ഇടവേളകളില്‍ മഴ ലഭിച്ചതാണ് ഡെങ്കിപ്പനി കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.