ഫ്രാൻസിലെ തീവ്ര വലത് മുന്നേറ്റത്തിനെതിരേ പാരിസിൽ ആയിരങ്ങൾ അണിനിരന്ന വമ്പന്‍ റാലി

ഫ്രാൻസിലെ തീവ്ര വലത്  മുന്നേറ്റത്തിനെതിരേ പാരിസിൽ ആയിരങ്ങൾ അണിനിരന്ന  വമ്പന്‍ റാലി
ഫ്രാൻസിലെ തീവ്ര വലത്  മുന്നേറ്റത്തിനെതിരേ പാരിസിൽ ആയിരങ്ങൾ അണിനിരന്ന  വമ്പന്‍ റാലി

പാരിസ്: യുറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടി നേട്ടമുണ്ടാക്കിയതിനു പിന്നാലെ ഫ്രാന്‍സില്‍ ഇടതുപക്ഷത്തിന്റെ വമ്പൻറാലി. തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി (ആര്‍.എന്‍) യാണ് മുന്നേറ്റം ഉണ്ടാക്കിയത്.

ഇതിന് പിന്നാലെ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലും ആര്‍.എന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്ന് ഭയന്നാണ് പാരീസിലും ഫ്രാന്‍സിന്റെ വിവിധ നഗരങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.

പാരീസില്‍ ശനിയാഴ്ച നടന്ന റാലിയില്‍ 75,000 ആളുകളാണ് ഭാഗമായത്. ഏഴുപേരെ അറസ്റ്റ് ചെയ്തു. ഫ്രാന്‍സില്‍ ഉടനീളം 2,17,000 പേരെങ്കിലും റാലിയുടെ ഭാഗമായെന്നാണ് പൊലീസ് പറയുന്നത്.

കുടിയേറ്റ വിരുദ്ധ-വിഭജന ആശയങ്ങള്‍ പേറുന്ന ആര്‍.എന്‍ പാര്‍ട്ടി രാജ്യം ഭരിച്ചാലുള്ള ഭവിഷ്യത്ത് മുന്നില്‍കണ്ടാണ് ആളുകള്‍ തെരുവിലിറങ്ങുന്നത്. ഏകദേശം മൂന്ന് ലക്ഷത്തിലേറെ വരുന്ന ആളുകള്‍ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ 21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. തൊഴിലാളി യൂണിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരാണ് റാലികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

അതേസമയം മാര്‍സെയില്‍, ടുലൂസ്, ലിയോണ്‍, ലില്ലെ തുടങ്ങിയ നഗരങ്ങളില്‍ കുറഞ്ഞത് 150 ലേറെ പ്രതിഷേധ റാലികളാണ് വരുംദിവസങ്ങളില്‍ നടക്കുക.

”ജോര്‍ദാന്‍ ബാര്‍ഡെല്ല (ആര്‍.എന്‍ പാര്‍ട്ടിയുടെ തലവന്‍) അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന ഭയം കൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്. അങ്ങനെയൊരു ദുരന്തം തടയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”- ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് സോഫി ബിനറ്റ് പറഞ്ഞു.

കടുത്ത വംശീയത പറയുന്ന ഈ പാര്‍ട്ടിയുടെ നുണകള്‍ ആളുകള്‍ വിശ്വസിക്കുന്നതില്‍ ആശങ്കയുണ്ടെന്നായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായ 22കാരിയായ വിദ്യാര്‍ഥി കരോള്‍-ആന്‍ ജസ്റ്റെ പറഞ്ഞത്. ആദ്യമായാണ് ഒരു പ്രതിഷേധത്തില്‍ കരോള്‍ പങ്കെടുക്കുന്നത്. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സഹിഷ്ണുതയുമുള്ള ഈ രാജ്യത്തെ സംരക്ഷിക്കാനും അതിനായി പോരാടാനും ആഗ്രഹിക്കുന്നുവെന്ന് കരോള്‍ പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് പെട്ടെന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സര്‍വേകളും ആര്‍.എന്‍ പാര്‍ട്ടിക്കാണ് മേധാവിത്വം പ്രവചിക്കുന്നത്.

Top