തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ തൊഴില്‍കേന്ദ്രങ്ങളും ഒരുക്കും. നൈപുണിപരിശീലനം ലഭ്യമാക്കി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കോളേജുകളില്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡിവലപ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിങ് (സി.എസ്.ഡി.സി.സി.പി.) എന്നപേരിലുള്ള ‘തൊഴില്‍ നൈപുണി കേന്ദ്രം’ തുടങ്ങാന്‍ സര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയായ അസാപ്പിനാണ് ചുമതല. ഇതിനകം നൂറു കോളേജുകളുമായി ധാരണാപത്രം ഒപ്പിട്ടതായി അസാപ് അധികൃതര്‍ പറഞ്ഞു.
വിദേശത്തേക്കുള്ള മലയാളികളുടെ കുടിയേറ്റം പഠനത്തിനൊപ്പം തൊഴിലവസരംകൂടി ലക്ഷ്യമിട്ടായതിനാല്‍ വിദ്യാര്‍ഥികളെ ഇവിടെ പിടിച്ചുനിര്‍ത്തുക കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടി. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി എണ്ണൂറോളം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം ‘നൈപുണി കേന്ദ്രങ്ങള്‍’ വികസിപ്പിക്കാന്‍ പ്രത്യേക സ്ഥലമോ കെട്ടിടമോ നീക്കിവെക്കാനാണ് നിര്‍ദേശം.
നൈപുണി കേന്ദ്രങ്ങള്‍ വഴി ഇരുന്നൂറിലേറെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാക്കും. ഒരുലക്ഷം ഇന്റേണ്‍ഷിപ്പ് അവസരവും ഒരുക്കും. നിത്യജീവിതത്തില്‍ അനിവാര്യമായ തൊഴില്‍ നൈപുണി, ഐ.ടി., തുടങ്ങിയ പഠനവും പരിശീലനവും നാലുവര്‍ഷ കോഴ്സിന്റെ ഭാഗമാണ്. ഇതിനുപുറമെയാണ് നൈപുണി കേന്ദ്രങ്ങളിലെ കോഴ്സുകള്‍. ഇവയ്ക്ക് സര്‍വകലാശാലകള്‍ ക്രെഡിറ്റ് നല്‍കും. മൂന്നുവര്‍ഷ ബിരുദത്തില്‍ ഒരു മൈനറും ഓണേഴ്സില്‍ പരമാവധി രണ്ടു മൈനറും പഠിക്കാം. നൈപുണികേന്ദ്രത്തിലെ മറ്റു കോഴ്സുകള്‍ വഴി എക്‌സ്ട്രാ ക്രെഡിറ്റും നേടാം.