CMDRF

ബംഗാളിൽ ഇടതുമായി ചേർന്ന് സംയുക്ത പ്രചാരണത്തിന് ഇറങ്ങണം; പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്

ബംഗാളിൽ ഇടതുമായി ചേർന്ന് സംയുക്ത പ്രചാരണത്തിന് ഇറങ്ങണം; പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്
ബംഗാളിൽ ഇടതുമായി ചേർന്ന് സംയുക്ത പ്രചാരണത്തിന് ഇറങ്ങണം; പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്

കൊൽക്കത്ത: ഇടതുപക്ഷ പാര്‍ട്ടികളുമായി സംയുക്തമായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്ത്യശാസനം നല്‍കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. ബെര്‍ഹാംപൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ചൗധരി നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കും തൃണമൂലിനുമെതിരെ തങ്ങളുടെ സഖ്യകക്ഷികള്‍ മത്സരിക്കുന്നിടത്ത് പ്രചാരണം നടത്താത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി നിലപാട് വ്യക്തമാക്കി.

മുര്‍ഷിദാബാദ് മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്നും അധിര്‍ രഞ്ജന്‍ വ്യക്തമാക്കി. ‘തീര്‍ച്ചയായും സലിമിന് വേണ്ടി പ്രചാരണം നടത്തും. ഞങ്ങള്‍ സംയുക്ത പ്രചാരണത്തില്‍ പ്രതിജ്ഞാബദ്ധരാണ്. സാധ്യമാകുന്നിടത്തെല്ലാം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്നത് പോലെ ഞങ്ങള്‍ പ്രചാരണം നടത്തു’മെന്നും അധിര്‍ രഞ്ജന്‍ പ്രതികരിച്ചു.

ബിര്‍ഭൂമില്‍ ഇടതുപക്ഷ പിന്തുണയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മില്‍ട്ടണ്‍ റഷീദിന് വേണ്ടി പ്രചാരണം നടത്താന്‍ വിസമ്മതിച്ച ഏഴ് പ്രാദേശിക നേതാക്കളെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ബിജെപിയുമായുള്ള മൗന സഹകരണവും ആരോപിച്ചാണ് നടപടി. ബിജെപിക്കും തൃണമൂലിനും എതിരായി വിശാലസഖ്യം എന്ന നിലപാട് മുന്‍നിര്‍ത്തി സിപിഐഎമ്മിനും-കോണ്‍ഗ്രസിനും ഇടയില്‍ നടന്ന നീക്കങ്ങള്‍ ഇതുവരെ പൂര്‍ണ്ണ വിജയത്തിലെത്തിയിട്ടില്ല.

സിപിഐഎം അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകർ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഐഎം നേതൃത്വത്തിന് പരാതിയുണ്ട്. കല്‍ക്കട്ട സൗത്ത്, ജാദവ്പൂര്‍, ഡം ഡം എന്നിവിടങ്ങളിലെ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങാന്‍ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്.

ഇടതുപക്ഷ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്നോ അഖിലേന്ത്യാ നേതൃത്വത്തില്‍ നിന്നോ വ്യക്തമായ നിര്‍ദ്ദേശമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ ഘടകങ്ങളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംയുക്ത പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top