ഷിംല: ഹിമാചല്‍പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളില്‍ വ്യാപക നാശം വിതച്ച മേഘവിസ്‌ഫോടനത്തില്‍ 53 പേരെ കാണാതായി,ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ അറുപതോളം വീടുകള്‍ ഒലിച്ചുപോയതായും നിരവധി ഗ്രാമങ്ങളെ സാരമായി ബാധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്പെഷ്യല്‍ സെക്രട്ടറി ഡി.സി റാണ പറഞ്ഞു.
ജൂലൈ 31 രാത്രിയിലാണ് പ്രദേശത്ത് നാശം വിതച്ച് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ പ്രളയവും കാരണം
റാംപൂരില്‍ റോഡുകള്‍ തകര്‍ന്നു. ഇവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മാണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്, അഞ്ച് പേര്‍. കുളുവില്‍ ഒരാള്‍ മരിച്ചു. ഷിംലയില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷിംലയില്‍ 33 പേരെയും കുളുവില്‍ ഒമ്പത് പേരെയും മണ്ടിയില്‍ ആറുപേരെയും കാണാതായിട്ടുണ്ട്. 61 വീടുകള്‍ പൂര്‍ണമായും 42 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിര്‍മ്മാണത്തിലിരിക്കുന്ന കുര്‍പാന്‍ ഖാഡ് പദ്ധതിക്ക് പ്രളയത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കുളു ജില്ലയിലെ ബാഗിപുല്‍ മേഖലയില്‍ ദുരന്തം ബാധിച്ച കുടുംബങ്ങളുമായി ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ ഭീകരവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഭരണകൂടം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.