കര്‍ണാടക: ഷിരൂര്‍ നദിയിലിറങ്ങിയുള്ള പരിശോധനയില്‍ നാവികസേനയുടെ നീന്തല്‍ വിദഗ്ധരുടെ സംഘം ലോറിയുടെ ക്യാബിനടുത്തേക്ക് എത്തിയതായി സൂചന. ഒരു മണിക്കൂറിനകം നിര്‍ണായക വിവരങ്ങള്‍ അറിയാന്‍ സാധിക്കും. രണ്ട് മുങ്ങല്‍ വിദഗ്ധരാണ് അടിയൊഴുക്കിനെ അവഗണിച്ചുകൊണ്ട് പരിശോധനയ്ക്കായ് നദിയുടെ അടിത്തട്ടിലേക്കിറങ്ങിയിരിക്കുന്നത്. എത്ര പ്രതിസന്ധികള്‍ വന്നാലും അതിനെ മറികടന്നുകൊണ്ട് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തന്നെയാണ് നാവിക സംഘത്തിന്റെ തീരുമാനം.
ലോറിയുടെ ക്യാബിനിലേക്ക് എത്താനുള്ള രണ്ട് ശ്രമങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് നാവികസേനാ അംഗങ്ങള്‍. മൂന്നാമത്തെ ശ്രമത്തില്‍ ക്യാബിനില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയില്‍ നിന്നും 20 മീറ്റര്‍ മാറി 5 മീറ്റര്‍ താഴ്ച്ചയിലായാണ് ലോറി ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.