പായ്ക്കറ്റ് ഭക്ഷണങ്ങൾ വില്ലന്മാർ; ഹൃദയവും വൃക്കയും തകരാറിലാക്കുമെന്ന് പഠനം

ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന്റെ പ്രധാന വെല്ലുവിളി പായ്ക്കറ്റ് ഭക്ഷണങ്ങളിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യമാണ്

പായ്ക്കറ്റ് ഭക്ഷണങ്ങൾ വില്ലന്മാർ; ഹൃദയവും വൃക്കയും തകരാറിലാക്കുമെന്ന് പഠനം
പായ്ക്കറ്റ് ഭക്ഷണങ്ങൾ വില്ലന്മാർ; ഹൃദയവും വൃക്കയും തകരാറിലാക്കുമെന്ന് പഠനം

ന്ത്യയിലെ മൂന്നുലക്ഷം ജീവനുകളെ രക്ഷപ്പെടുത്തുവാനായി പായ്ക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മതിയെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പുറത്തിറക്കിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗം പ്രധാനവിഷയമായിരിക്കുന്നത്. ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരിലെ ഹൃദയസംബമായ രോഗങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാന്‍ ശരീരത്തിലെ സോഡിയത്തിന്റെ നിയന്ത്രണത്തിലൂടെ സാധിക്കുമെന്ന് പഠനം വിശദമാക്കുന്നു.

പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടന കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫേ ഗ്ലോബല്‍ ഹെല്‍ത് നടത്തിയ പഠനം പ്രകാരം ഉപ്പ് ഉപഭോഗം കുറയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന്റെ പ്രധാന വെല്ലുവിളി പായ്ക്കറ്റ് ഭക്ഷണങ്ങളിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യമാണ്.

ALSO READ:http://ദിവസവും കഴിക്കാം ഒരു സ്പൂൺ തേൻ

ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ കാരണമായത് ആഗോളതലത്തില്‍ സോഡിയത്തിന്റെ അമിതോപയോഗം കാരണം കൂടിവരുന്ന മരണങ്ങളും അസുഖങ്ങളുമാണ്.

ഒരു ദിവസം ഒരാള്‍ അഞ്ചുഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ എന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. അഞ്ചുഗ്രാം ഉപ്പ് എന്നുപറയുമ്പോള്‍ ഏതാണ്ട് 2 ഗ്രാം സോഡിയത്തിന്റെ അളവാണ്. സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പഠനം സമര്‍ഥിക്കുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ആളുകൾക്ക് അഭിരുചി വളര്‍ത്തിയാല്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുന്നത് വഴി ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും ഏകദേശം മൂന്നുലക്ഷത്തോളം മരണങ്ങളും തടയുവാൻ കഴിയും. ദിനംപ്രതി അകത്താക്കുന്ന ഉപ്പില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ഭീമന്‍ തുക ഒഴിവാക്കാനായി സാധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

എത്രമാത്രം പായ്ക്കറ്റ് ഫുഡ്ഡിലെ ഉപ്പ് മാറ്റി നിര്‍ത്തുന്നുവോ അത്രയും കുറഞ്ഞ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിയുമെന്ന് പഠനം വിലയിരുത്തുന്നു. ഭാവിയില്‍ പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ നിന്നും സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ട തരത്തില്‍ ആരോഗ്യനിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നതിന്റെ സൂചന കൂടിയാണ് ഈ പഠനം. പായ്ക്കറ്റ് ഫുഡ്ഡുകളുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവയിലെ ക്രമാതീതമായ ഉപ്പ് ഉയര്‍ത്തുന്ന ആരോഗ്യഭീഷണിയെക്കുറിച്ചും ജീവഹാനിയെക്കുറിച്ചുമുളള ആശങ്കകൾ ആരോഗ്യവിദഗ്ധര്‍ പങ്കുവെച്ചത്.

Top