റിയാദ്: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അടുത്ത മൂന്നു വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതിയില്‍ അധ്യക്ഷയായി മലയാളി വനിത. ഷഹനാസ് അബ്ദുല്‍ജലീല്‍ ആണ് ഭരണസമിതി അധ്യക്ഷയായി നിയമിതയായത്. സ്‌കൂളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ തലപ്പത്തു വരുന്നത്. ഷഹനാസ് അബ്ദുല്‍ ജലീല്‍, സയ്ദ് സഫര്‍ അലി, ഷഹ്സിന്‍ ഇറാം, പ്രഷിന്‍ അലി , ഡോ. സാജിദ ഹുസ്‌ന, ഡോ. സുമയ്യ സംഗേര്‍സ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ സമിതിയില്‍ നാല് പേര്‍ വനിതകളാണെന്ന പ്രത്യേകതയും ഇത്തവണത്തെ ഭരണ സമിതിക്കുണ്ട്.
നേരത്തെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയായിരുന്നെങ്കില്‍ ഇപ്പോള്‍ രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഭരണസമിതിയെ നാമനിര്‍ദേശം ചെയ്യുകയാണ് ചെയ്യുന്നത്. സമിതി അംഗമായ ഷഹ്‌സീന്‍ ഇറാം മാധ്യമ പ്രവര്‍ത്തകയാണ്. മലയാളിയായ മീര റഹ്‌മാന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ്.