മെല്‍ബണ്‍: ലോകത്ത് മലയാളികള്‍ ഇല്ലാത്ത രാജ്യമില്ല. ലോകത്തിന്റെ ഏതേലും ഒരു കോണില്‍ മലയാളികള്‍ ഏതേലും ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാ(36)ണ് മലയാളികള്‍ക്ക് പ്രത്യേകിച്ച് കേരളക്കാര്‍ക്ക് അഭിമാനമായി മാറിയത്. ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രന്‍ കൂടിയാണ് ജിന്‍സണ്‍.
നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് ജിന്‍സണ്‍ ചരിത്രം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിന്‍സണ്‍ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയില്‍ കായികം, കല, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചിരിക്കുന്നത്. കണ്‍ട്രി ലിബറല്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ജിന്‍സണ്‍ മത്സരിച്ചത്.
Also Read: ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
നോര്‍ത്തേണ്‍ ടെറിറ്ററിയിലെ 25 അംഗ പാര്‍ലമെന്റില്‍ 17 സീറ്റുകളിലും വിജയിച്ചാണ് ജിന്‍സന്റെ കണ്‍ട്രി ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ മന്ത്രിയായിരുന്ന കെയ്റ്റ് വോര്‍ഡനെ പരാജയപ്പെടുത്തിയാണ് പുതുമുഖമായ ജിന്‍സണ്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. 9 അംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജന്‍ എന്ന നേട്ടവും ജിന്‍സണ്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു. കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ 2011ലാണ് നഴ്‌സിംഗ് ജോലി തേടി ഓസ്‌ട്രേലിയയിലെത്തിയത്. ന്യൂ സൌത്ത് വെയില്‍സ് വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സായാണ് ജിന്‍സണ്‍ കരിയറിന് തുടക്കമിട്ടത്.
പിന്നീട്, നോര്‍ത്തേണ്‍ ടെറിറ്ററി ഡാര്‍വിനിലെ ആശുപത്രിയില്‍ ഉന്നത പദവിയില്‍ ജോലി. മാനസികാരോഗ്യത്തില്‍ ഉന്നത ബിരുദം നേടിയ ജിന്‍സണ്‍ അതേ വിഭാഗത്തിന്റെ ഡയറക്ടര്‍ പദവിയിലുമെത്തി. എംബിഎ ബിരുദധാരിയാണ് ജിന്‍സണ്‍. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് ജിന്‍സണ്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പരിചയവും ജിന്‍സണുണ്ട്.
ഇതിന് പുറമെ, നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്‌ട്രേലിയയിലെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായും ജിന്‍സണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെത്തി നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ജിന്‍സണ്‍ നോര്‍ത്തേണ്‍ ടെറിറ്ററിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ സ്ഥിരതാമസമാക്കിയത്. ഡാര്‍വിനിലെ മലയാളി അസോസിയേഷന്‍ പ്രസിഡന്റും ജിന്‍സണ്‍ തന്നെയാണ്. ചാലക്കുടി സ്വദേശിനിയായ അനുപ്രിയ ജോണാണ് ജിന്‍സന്റെ ഭാര്യ. എയ്മി കേയ്റ്റ്ലിന്‍ ജോണ്‍ (11), അന്നാ ഇസബെല്‍ ജോണ്‍ (5) എന്നിവര്‍ മക്കളാണ്.