അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ന്യൂജെന്‍ മയക്കുമരുന്നുമായെത്തിയ യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി. അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ് എന്നിവരാണ് 13 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ കാറില്‍ അമിത വേഗതയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ ഡാന്‍സഫ് സംഘത്തിന്റെയും അഞ്ചല്‍ പൊലീസിന്റേയും പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്.
ആലഞ്ചേരി ചണ്ണപ്പേട്ട റോഡില്‍ നീല സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ് എന്നിവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് അമിത വേഗതയില്‍ പ്രതികള്‍ കാറുമായി പാഞ്ഞു. പിന്തുടര്‍ന്ന പൊലീസ് സംഘം ആലഞ്ചേരി ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം വച്ച് കാര്‍ തടഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ സമീപത്തെ മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ സിഗരറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് അളക്കുന്നതിനായുള്ള ഇലട്രോണിക്‌സ് ത്രാസും കാറില്‍ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. വില്‍പനയ്ക്ക് വേണ്ടിയാണോ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന് സംശയമുണ്ട്. മയക്കുമരുന്ന് കടത്തില്‍ കൂടുതല്‍ ഇടപാടുകാരുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.