ജിദ്ദ: റഫക്കെതിരായ ആക്രമണം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗസ്സയിലെ യുദ്ധം അവ സാനിപ്പിക്കുക എന്നിവയുള്‍പ്പെടെ അടിയന്തര വെടിനിര്‍ത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് അറബ് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി യോഗം. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരും അവരുടെ പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു, ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക യോഗത്തില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിന്റെയും അഭിസംബോധന ചെയ്യേണ്ടതിന്റെയും അടിയന്തര ആവശ്യകത യോഗം എടുത്തുപറഞ്ഞു. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം. ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് അന്തിമവും വേഗത്തിലുള്ളതുമായ രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരുന്നതിന് സംഘര്‍ഷത്തെ ഒരു രാഷ്ട്രീയ പാതയാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി യാതൊരു പുനരാലോചനയുമില്ലാതെ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് യോഗം ഉറച്ച പിന്തുണ അറിയിച്ചു.
ദ്വിരാഷ്ട്രഠ പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ക്യത്യമായ നടപടീകള്‍ യോഗം ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെയും പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെ നേത്യത്വത്തിലുള്ള പുതിയ ഫലസ്തീന്‍ സര്‍ക്കാറിനെ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. യോഗത്തിന് സൗദി വിദേശകാര്യ മന്ത്രി അമീദ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഈഡെയും നേതൃത്വം നല്‍കി. യൂറോപ്യന്‍ യൂനിയന്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ഫോറിന്‍ സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലിന്റെ ഏകോപന ത്തിലാണ്‍ യോഗം നടന്നത്. ജോര്‍ഡന്‍, സ്‌പെയിന്‍, ജര്‍മനി, യു.എ.ഇ. ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ബഹ്‌റൈന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ബള്‍ഗേറിയ, പോളണ്ട്, തുര്‍ക്കി, അറബ് ലീഗ്, അള്‍ജീരിയ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സ്, ഫലസ്തീന്‍, ഫിന്‍ലാന്‍ഡ്, ഖത്തര്‍, ക്രൊയേഷ്യ, ലാത്വിയ, ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഈജിപ്ത്, യു.കെ, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ.ഐ.സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.