ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ ഫോൺകോൾ വന്നതിനെ തുടർന്ന് അമ്മ ഹൃദയംപൊട്ടി മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്നും രക്ഷിക്കണമെങ്കിൽ പണംവേണമെന്നും പറഞ്ഞാണ് ഫോൺ വന്നത്. ഇതിൽ മനംനൊന്താണ് സർക്കാർ സ്കൂളിൽ അധ്യാപികയായ മാലതി വർമ (58) മരിച്ചത്.
കേസെടുക്കാതെ മകളെ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കണമെങ്കിൽ ഒരു ലക്ഷം രൂപ അയച്ചുതരണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഫേക്ക് ആണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും അത് അമ്മയോട് പറഞ്ഞിരുന്നുവെന്നും ഇവരുടെ മകൻ പറഞ്ഞു. ‘അമ്മ ആഗ്ര അച്‌നേരയിലെ സർക്കാർ ഗേൾസ് ജൂനിയർ ഹൈസ്‌കൂളിലെ ടീച്ചറാണ്. അയാളുടെ കോൾ വന്ന ശേഷം അമ്മ പരിഭ്രാന്തയായി എന്നെ വിളിച്ചു. ഞാൻ കോൾ വന്ന നമ്പർ ചോദിച്ചു. നമ്പർ നോക്കിയപ്പോൾ, അതിന് +92 എന്ന പ്രിഫിക്‌സ് ഉള്ളതായി കണ്ടെത്തി. ഇതൊരു തട്ടിപ്പാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ അവർ അപ്പോഴും ഏറെ ടെൻഷനിലായിരുന്നു. തുടർന്ന് വലിയ മാനസിക പ്രയാസവും ഉണ്ടായി’- ദിപാൻഷു പറഞ്ഞു.
Also Read:പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
‘ഞാൻ വീണ്ടും ആശ്വസിപ്പിച്ചു. സഹോദരിയോട് സംസാരിച്ചെന്നും അവൾക്കൊരു കുഴപ്പവുമില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ, അമ്മയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളിൽനിന്ന് വന്നപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളായി. പിന്നാലെ മരിക്കുകയും ചെയ്തു’- മകൻ പറഞ്ഞു. .
സംഭവത്തിൽ കുടംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.