CMDRF

എ.എന്‍. ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരെ അച്ചടക്ക നടപടി

എ.എന്‍. ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരെ അച്ചടക്ക നടപടി
എ.എന്‍. ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: മോശമായി പെരുമാറി എന്ന നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരെ നടപടി. ചീഫ് ടി.ടി.ഇ ജി.എസ്. പത്മകുമാറിനെ വന്ദേഭാരത് എക്‌സ്പ്രസിലെ ഡ്യൂട്ടിയില്‍ നിന്നാണ് ഒഴിവാക്കിയത്. താന്‍ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിന്റെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ നടപടി എടുത്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്സ്പ്രസില്‍ എറണാകുളത്ത് വച്ചാണ് സംഭവം നടന്നത്.

സ്പീക്കര്‍ എ.എന്‍. ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗണേഷിന് ചെയര്‍ കാറിലും ഷംസീറിന് എക്‌സിക്യുട്ടീവ് കോച്ചിലുമായിരുന്നു ടിക്കറ്റ്. എന്നാല്‍, എക്‌സിക്യുട്ടീവ് കോച്ചില്‍ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഗണേഷിനോട് ചെയര്‍കാറിലേക്ക് മാറാന്‍ ടി.ടി.ഇ ആവശ്യപ്പെട്ടു. എന്നാല്‍, ഗണേഷ് തയാറായില്ല. തുടര്‍ന്ന് എക്‌സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഗണേഷ് വിസ്സമ്മതിച്ചു.

കോട്ടയത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഗണേഷിനോട് കോച്ച് മാറാന്‍ ടി.ടി.ഇ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടി.ടി.ഇയും തമ്മില്‍ വാക്കേറ്റമുണ്ടായി. ടി.ടി.ഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഷംസീര്‍ വിഷയത്തില്‍ ഇടപെട്ടതായും ആരോപണമുണ്ട്. തുടര്‍ന്ന് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷണല്‍ മാനേജര്‍ക്ക് ഷംസീര്‍ പരാതി നല്‍കി. ഈ പരാതി പരിഗണിച്ചാണ് ടി.ടി.ഇക്കെതിരെ ഡിവിഷണല്‍ മാനേജര്‍ നടപടി സ്വീകരിച്ചത്. അതേസമയം, ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധവുമായി റെയില്‍വേ ജീവനക്കാരുടെ സംഘടനയായ എസ്.ആര്‍.എം.യു രംഗത്തെത്തി. പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.ആര്‍.എം.യു നേതാക്കള്‍ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

Top