നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന്; ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന്; ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍
നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന്; ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ദില്ലി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നതാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവന്‍ മാര്‍ച്ചും എസ്എഫ്‌ഐ പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിര്‍ണ്ണയത്തിനായി സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെയും എസ്എഫ്‌ഐ പ്രതിഷേധമുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ആരംഭിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറില്‍ നിന്നാണ് മാര്‍ച്ച്. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. എന്‍എസ്യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്‌ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് തടയുമെന്ന് ഉറപ്പാണ്.

Top