രണ്ടരകിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ

രണ്ടരകിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ

തൃശൂർ: രണ്ടര കിലോ എംഡിഎംഎയുമായി തൃശൂരിൽ നിന്ന് ഒരാൾ പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലിനെയാണ് സിറ്റി പൊലീസും ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 9000 എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തുവെന്നും വിവരമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒല്ലൂരിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിൽ പിടിയിലാവുന്നത്.

എറണാകുളത്തുനിന്ന് കാറിൽ തൃശൂരിലേയ്ക്ക് വരികയായിരുന്നു ഇയാൾ. കാറിൽ നിന്നും ആലുവയിലുള്ള ഇയാളുടെ വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. ഇതിന് രണ്ടരകിലോ തൂക്കം വരുമെന്ന് പൊലീസ് പറയുന്നു. ഫാസിൽ എംഡിഎംഎ മൊത്തവിതരണക്കാരനാണെന്നാണ് വിവരം. ഗോവയിൽ നിന്ന് വൻതോതിൽ നാട്ടിലെത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. ഇയാളുടെ കണ്ണൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

അതേസമയം, വിൽപനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി അസാം സ്വദേശി തൃശൂരിൽ പിടിയിലായി. ലഹരിഘട്ട് സ്വദേശി അസമാണ് (24) അറസ്റ്റിലായത്. ഒല്ലൂർ പൊലീസും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്. കുട്ടനെല്ലൂരിൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ചെറിയ ചെറിയ ബോട്ടിലുകളിലാക്കിയ 1.49 ഗ്രാമോളം ബ്രൺ ഷുഗറും മയക്കുമരുന്ന് വിറ്റു കിട്ടിയ പണവുമാണ് പിടിച്ചെടുത്തത്. ഒല്ലൂർ പ്രിൻസിപ്പൽ എസ്.ഐ കെ.സി.ബൈജു , സീനിയർ സി.പി.ഒ ജയൻ, സി.പി.ഒ വിനീത്, ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Top