കൊളംബോ: ശ്രീലങ്കയിൽ എൻ.പി.പി അട്ടിമറി വിജയം നേടിയതോടെ പുതിയ സർക്കാരിനെയും പ്രധാനമന്ത്രിയെയും തിങ്കളാഴ്ച പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പ്രഖ്യാപിക്കും. 25 അംഗ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കുമെന്നും മന്ത്രി സ്ഥാനങ്ങൾ ശാസ്ത്രീയമായി അനുവദിക്കുമെന്നും മുതിർന്ന എൻ.പി.പി വക്താവ് ടിൽവിൻ സിൽവ പറഞ്ഞു.
സുപ്രധാന മന്ത്രാലയങ്ങളിൽ കൂടുതൽ ഉപമന്ത്രിമാരെ നിയമിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നൽകി. ഭരണഘടന പ്രകാരം 30 മന്ത്രിമാരെയും 40 ഉപമന്ത്രിമാരെയും മാത്രമേ നിയമിക്കാൻ കഴിയൂ. സർക്കാരിന്റെ ചെലവ് വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസ്ഥാനങ്ങൾ ചുരുക്കാനുള്ള എൻ.പി.പിയുടെ നീക്കം.
Also Read: നരേന്ദ്ര മോദിക്ക് നൈജീരിയയില്‍ ആചാരപരമായ സ്വീകരണം
സെപ്റ്റംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പ്രസിഡന്റ് അടക്കം മൂന്ന് മന്ത്രിമാരുമായാണ് സർക്കാർ ഭരണം കൈകാര്യം ചെയ്തത്. തമിഴ് ഭൂരിപക്ഷ മേഖലയായ ജാഫ്നയിലടക്കം ആധിപത്യം പുലർത്തി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് എൻ.പി.പി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്.
61.56 ശതമാനം വോട്ട് പാർട്ടി സ്വന്തമാക്കി. 2010ലെ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സയുടെ പാർട്ടിയാണ് ഇതിനുമുമ്പ് ഏറ്റവും അധികം വോട്ട് (60.33 ശതമാനം) നേടിയത്.