ഓപ്പണ്‍ എഐയ്ക്ക് പുത്തന്‍ എതിരാളി

ഓപ്പണ്‍ എഐയ്ക്ക് പുത്തന്‍ എതിരാളി
ഓപ്പണ്‍ എഐയ്ക്ക് പുത്തന്‍ എതിരാളി

പ്പണ്‍ എഐയ്ക്ക് എതിരാളിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ്-ടു-വീഡിയോ എഐ ടൂളായ സോറയോട് സാമ്യതയുള്ള ജിമെങ് എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ ബൈറ്റ്ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. സോറയ്ക്ക് വെല്ലുവിളിയാവാന്‍ ‘ജിമെങ് എഐ’ എന്ന് ടെക്സ്റ്റ്-ടു-വീഡിയോ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബൈറ്റ്ഡാന്‍സ്. ചൈനയില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ നിലവില്‍ ലഭ്യമായിരിക്കുന്നത്.

എന്താണ് വീഡിയോയില്‍ വേണ്ടത് എന്ന ലളിതമായ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ജിമെങ് ചിത്രവും വീഡിയോയും നിര്‍മിച്ചുനല്‍കും. ഇങ്ങനെ ലഭിക്കുന്ന ഫലം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ വീണ്ടും നിര്‍ദേശങ്ങള്‍ നല്‍കി വീഡിയോ മെച്ചപ്പെടുത്താം. ജിമെങ് എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വീഡിയോയും ചിത്രങ്ങളും ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കില്‍ സേവ് ചെയ്ത ശേഷമോ ഷെയര്‍ ചെയ്യാം. ചൈനയിലെ എഐ മാര്‍ക്കറ്റ് പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് ബൈറ്റ്ഡാന്‍സ് പുതിയ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്ലിങ് എഐ പോലുള്ള ടൂളുകള്‍ക്ക് ചൈനയില്‍ ഇതിനകം വലിയ പ്രചാരമുണ്ട്. ആഗോളവ്യാപകമായി ക്ലിങ് ഉപയോഗിക്കാനുമാകും. ഈ രീതിയില്‍ ജിമെങ് ആഗോളവ്യാപകമായി ഭാവിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. മാസം 800 ഇന്ത്യന്‍ രൂപയും വര്‍ഷം 7,710 രൂപയുമാണ് ജിമെങിന്റെ സേവനം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ നല്‍കേണ്ടിവരിക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top