കരുളായി: തെക്കേമുണ്ടയിൽ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ന് ശേഷനാണ് സംഭവം. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമായിരുന്നു ഇത്. കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്.
കൃഷിക്ക് ചുറ്റുമുള്ള സംരക്ഷണ വേലി തകർത്താണ് കക്കോട്ടിൽ ശംസുദ്ദീന്റെ കൃഷിയിടത്തിൽ പ്രവേശിച്ചത്. 50ഓളം കുലച്ചതും കുല വരാനിരിക്കുന്നതുമായ വാഴകൾ, കവുങ്ങ്, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. കൂടാതെ കൃഷിയിടം നനക്കാനായി സ്ഥാപിച്ച പൈപ്പുകൾ ആന ചവിട്ടിപൊട്ടിച്ചിട്ടുണ്ട്.
ALSO READ: സംസ്ഥാന സ്കൂൾ കായികമേള ഇന്നുമുതൽ
പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു. വന്യമൃഗ ശല്യം ഇല്ലാതാക്കുന്നതിനായി പാലങ്കര പാലം മുതൽ മാനുപ്പൊട്ടി വരെ തൂക്ക് സോളാർ വേലി നിർമിക്കാൻ കിഫ്ബി ഫണ്ടിൽനിന്ന് 67 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മേലുദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.