പട്യാല: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ലുധിയാന സ്വദേശിയായ ഒന്നര വയസുകാരിയുടെ കുടുംബം ബന്ധു വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് ബന്ധു ചോക്ലേറ്റ് വാങ്ങി കുട്ടിക്ക് നല്‍കിയത്. ഒരു പെട്ടി ചോക്ലേറ്റുകളാണ് കുട്ടിക്ക് ബന്ധു വാങ്ങി നല്‍കിയത്. വീട്ടില്‍ എത്തിയ കുട്ടി അവ കഴിക്കുകയും തുടര്‍ന്ന് വായില്‍ നിന്ന് രക്തം വരുകയുമായിരുന്നു. കുട്ടിയെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ വിഷ പദാര്‍ത്ഥം കുട്ടിയുടെ ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിലും സംസ്ഥാന ആരോഗ്യ വകുപ്പിലും പരാതി നല്‍കി. പരാതിക്കാരിയോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പലചരക്ക് കടയിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കടയില്‍ കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങള്‍ വിറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കടയില്‍ നിന്ന് കാലാവധി കഴിഞ്ഞ മറ്റു പലഹാരങ്ങളും പിടിച്ചെടുത്തു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മാസം പഞ്ചാബിലെ പട്യാലയില്‍ തന്നെ 10 വയസുകാരി പിറന്നാള്‍ ദിനത്തില്‍ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിനോട് നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേക്ക് ഓര്‍ഡര്‍ ചെയ്ത ബേക്കറി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യാജപേരില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.