തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഒറ്റയാള്‍ പ്രതിഷേധം. കെ.മുരളീധരന്റെ ചിത്രവും ബോര്‍ഡുമായി വലപ്പാട് സ്വദേശി ഇസ്മയിലാണ് ഡിസിസി ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധിക്കുന്നത്.
‘മുരളീധരനെ കുരുതികൊടുക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണം’ എന്ന് ആവശ്യപ്പെട്ടാണ് ഇസ്മയില്‍ പ്രതിഷേധിക്കുന്നത്. രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും 28 വര്‍ഷമായി പാര്‍ട്ടി അനുഭാവിയാണെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ല. ടി.എന്‍.പ്രതാപന്റെയും ജോസ് വള്ളൂരിന്റെയും മണ്ഡലമായ നാട്ടികയാണ് തന്റെയും സ്വദേശമെന്നും ഇവിടെ ഒരു ബൂത്തില്‍പ്പോലും കോണ്‍ഗ്രസിന് മുന്നിലെത്താനായിട്ടില്ലെന്നും ഈ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഇരുവരും രാജി വയ്ക്കണമെന്നും ഇസ്മയില്‍ ആവശ്യപ്പെടുന്നു.