വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഷാഫി പറമ്പില്‍. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശൈലജ പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു.
താനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ഈ പ്രസ്ഥാവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് വഴിവെച്ചു. തന്റെ പ്രായമായ അമ്മയെപോലും സി.പി.എം അണികള്‍ സൈബറിടങ്ങളില്‍ ആക്രമിച്ചുവെന്ന് ഷാഫി നോട്ടീസില്‍ പറഞ്ഞു.
അശ്ലീല വിഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഏപ്രില്‍ 20-ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞത് ശരിയല്ലെന്നും
ഷാഫി വക്കീല്‍ നോട്ടീസില്‍ പറയുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇല്ലെന്നു പറയുന്നു. ഇത് തന്നെ തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പില്‍ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനാണെന്നും ഷാഫി ആരോപിച്ചു.