ടോക്യോ: ജപ്പാനില്‍ അപൂര്‍വ ബാക്ടീരിയ രോഗം പകരുന്നു. മനുഷ്യനെ 48 മണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ജൂണ്‍ രണ്ട് വരെ 977 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. 1999 മുതല്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസാണ് രോഗബാധയെ സംബന്ധിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
നീര്‍ക്കെട്ടും തൊണ്ടവേദനയുമാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍. ചിലരില്‍ രോഗബാധ ഗുരുതരാവസ്ഥയിലേക്ക് എത്താം. ഇത്തരക്കാരില്‍ കൈകാലുകള്‍ക്ക് വേദന, നീര്‍ക്കെട്ട്, പനി, ഉയര്‍ന്ന രക്തസമ്മര്‍ദം, തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകും.
ഒടുവില്‍ അവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ച് രോഗി മരിക്കാന്‍ വരെ സാധ്യതയുണ്ട്. രോഗം ബാധിച്ചുള്ള ഭൂരിപക്ഷ മരണങ്ങളും 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ടോക്യോ വനിത മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെല്‍ കികുച്ചി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 941 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.