ദുലീപ് ട്രോഫിയിൽ വിക്കറ്റ് കീപ്പിംഗിൽ മികവ് തുടർന്ന് ഇന്ത്യൻ യുവതാരം ധ്രുവ് ജുറേൽ. ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരിന്നിംഗ്സിൽ ഏഴ് ക്യാച്ചുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ജുറേൽ സ്വന്തമാക്കിയത്. ഇന്ത്യ എയ്ക്കുവേണ്ടിയാണ് ജുറേൽ തന്റെ മികവ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 2004-2005 സീസണിൽ കിഴക്കൻ മേഖലയുടെ താരമായി മഹേന്ദ്ര സിംഗ് ധോണിയാണ് ഇതിന് മുമ്പ് ദുലീപ് ട്രോഫിയിൽ ഒരിന്നിംഗ്സിൽ ഏഴ് ക്യാച്ചുകൾ നേടിയത്.
1973-74 സീസണിൽ മധ്യമേഖലയുടെ താരമായിരുന്ന സുനിൽ ബെഞ്ചമിൻ ഒരിന്നിംഗ്സിൽ ആറ് ക്യാച്ചുകൾ നേടി. 1980-81 സീസണിൽ തെക്കൻ മേഖലയുടെ താരമായിരുന്ന സദാനന്ത് വിശ്വനാഥും ഒരിന്നിംഗ്സിൽ ആറ് ക്യാച്ചുകൾ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പിംഗിൽ മികവ് പുലർത്തുമ്പോഴും ധ്രുവ് ജുറേലിന്റെ ബാറ്റിങ് മോശമായി. ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസെടുത്ത താരത്തിന് രണ്ടാം ഇന്നിംഗ്സിൽ റൺസൊന്നുമെടുക്കാൻ സാധിച്ചില്ല.
Also Read:ദുലീപ് ട്രോഫി: ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി വിജയത്തിലേക്ക്
അതിനിടെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ – ഇന്ത്യ ബി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ എയ്ക്ക് ഇനി വിജയിക്കാൻ 275 റൺസാണ് വേണ്ടത്. മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ എയുടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് പിന്നിട്ടു.