ബേപ്പൂർ: പെൻഷൻ ബെനിഫിറ്റ് സ്കീം പദ്ധതിയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്. 60 വയസ് കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനോടൊപ്പം അവർ അടച്ച അംശാദായം ഒന്നിച്ച് തിരിച്ച് നൽകാനുള്ള പദ്ധതിയാണിത്. പെൻഷൻ ബെനിഫിറ്റ് സ്കീം പദ്ധതി നടപ്പാക്കാൻ സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചു.
60 പൂർത്തിയാകുമ്പോൾ സർക്കാർ പെൻഷൻ തുകയായി 1600 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനൊപ്പം അതുവരെ അടച്ച അംശാദായവും കൂടി നൽകുന്നത് മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ഉപകാരപ്പെടും. ക്ഷേമനിധി ബോർഡിന് ഫണ്ടില്ലാത്തതിനാലാണ് സർക്കാരിലേക്ക് ശുപാർശ നൽകിയത്.
Also Read: മേപ്പാടിയിൽ വീണ്ടും പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പണത്തിനേക്കാൾ ഏറെ ചെലവാണ് ബോർഡിന് നിലവിലുള്ളത്. ഒരു മത്സ്യത്തൊഴിലാളിയിൽനിന്ന് 100 രൂപ അംശാദായം വാങ്ങുമ്പോൾ 450 രൂപ ഇൻഷുറൻസ് കമ്പനിക്ക് നൽകണം. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെയുള്ള അംഗങ്ങളുടെ പട്ടിക കണ്ടെത്തി ജീവിച്ചിരിക്കുന്ന എല്ലാവർക്കും തുക നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിൽ 2024 മാർച്ച് വരെയുള്ള കണക്കുപ്രകാരം 2,40,000 പരമ്പരാഗത മത്സ്യത്തൊഴിലാളികളും 80,000 മത്സ്യ അനുബന്ധ തൊഴിലാളികളുമാണുള്ളത് . മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ചപ്പോൾ 30 രൂപയായിരുന്നു അംശാദായം. 2008 മുതൽ 2023 വരെ 100 രൂപയായിരുന്നത് 2024 ആഗസ്റ്റിൽ 300 രൂപയാക്കി വർധിപ്പിച്ചു.