ഹൈദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം.
പരുക്കേറ്റവരെ മൊഗല്‍പുരയിലെ പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശരീരത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. തീ അണയ്ക്കാന്‍ ബുള്ളറ്റിന്റെ സമീപത്തുണ്ടായിരുന്ന നദീം, ഷൗക്കത്ത് അലി എന്നിവര്‍ക്കാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് ഭവാനി നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. ബാലസ്വാമി പറഞ്ഞത്: ‘ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയര്‍ന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.’