അൽഖോബാർ: പൂന്തോട്ടങ്ങളിൽ കാണുന്ന മണ്ണിരകളെ ഉപയോഗപ്രദമായ വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് അൽ ബാഹയിലെ അൽ ദാഫിർ സ്വദേശിയായ മുഹമ്മദ് അൽ ഷെയർ എന്ന കർഷകൻ. തൻറെ ഫാമിൽ മണ്ണിരകളിൽനിന്ന് ഉയർന്ന ഗുണമേന്മയുള്ള ജൈവവളം ഉത്പാദിപ്പിച്ചാണ് മണ്ണിര കമ്പോസ്റ്റിങ് പ്രവർത്തനം ഒരു വർഷമായി നടത്തിവരുന്നത്.
മണ്ണ്, ചെടികൾ, മനുഷ്യൻറെ ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കുന്ന രാസവളങ്ങൾക്ക് പകരം ജൈവവളങ്ങൾ ഉപയോഗിക്കാൻ മറ്റ് കർഷകരെ കൂടി പ്രോത്സാഹിപ്പിച്ചും രാജ്യത്തെ കാർഷികോത്സവങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ സമ്പ്രദായത്തെക്കുറിച്ച് അവബോധം വളർത്തിയുമാണ് അദ്ദേഹം മാതൃകയായി മാറുകയാണ്. അഞ്ച് മീറ്റർ നീളവും 60 സെൻറിമീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ ഏകദേശം 2,000 മണ്ണിരകളെ വളർത്തിയാണ് പദ്ധതി ആരംഭിച്ചത്.
പുഴുക്കൾക്ക് ഉണങ്ങിയ ഇലകൾ, ജൈവ അവശിഷ്ടങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ നൽകി നാല് മാസത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചു. 300 കിലോയിൽ കൂടുതൽ പോഷക സമ്പുഷ്ടമായ കമ്പോസ്റ്റും പുഴുക്കളുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധനയുമുണ്ടായി. വിപുലമായ ഫീൽഡ് ട്രയലുകളിലൂടെയും മികച്ച ആഗോള സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെയും പുഴുക്കളുടെ സ്വഭാവം, ആവശ്യങ്ങൾ, ബ്രീഡിങ് ടെക്നിക്കുകൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ നേടി.
അതിനുശേഷം പ്രവർത്തനം നാല് ടാങ്കുകളിലേക്ക് വ്യാപിപ്പിച്ച് ഏകദേശം 250 മരങ്ങൾക്ക് വളമിടാൻ ആവശ്യമായ മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിച്ചു. ഈ ജൈവവളത്തിൻറെ ഗുണങ്ങൾ പലവിധമാണ്. ഇത് ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ഫലങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും മണ്ണിൻറെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി അൽ ഷെയർ പറയുന്നു. അൽ ബാഹ സർവകലാശാലയിലെ അപ്ലൈഡ് ന്യൂട്രീഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായ ഡോ. ലുബ്ന സഅദ് മണ്ണിര കമ്പോസ്റ്റിങ്ങിൻറെ ശാസ്ത്രീയ നേട്ടങ്ങളെ ഊന്നിപ്പറയുന്നു.
ഈ പുഴുക്കൾ ഭൂരിഭാഗം ഓർഗാനിക് വസ്തുവകകൾ കഴിക്കുകയും അവയെ മണ്ണിര കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്നു. തത്ഫലമായുണ്ടാകുന്ന പദാർഥം അരിച്ചെടുത്ത് ഫിൽട്ടർ ചെയ്യുന്നു. എല്ലാത്തരം കാർഷിക മേഖലകൾക്കും അനുയോജ്യമായ വളമായി ഇവ ഉപയോഗിക്കുന്നു. വെള്ളം ആഗിരണം ചെയ്ത് നിലനിർത്താനുമുള്ള മണ്ണിൻറെ കഴിവിനെ അത് ഗണ്യമായി വർധിപ്പിക്കുകയും ചെയ്യുന്നു. വൻതോതിൽ മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്ന ഒരു സമഗ്ര പദ്ധതി വികസിപ്പിക്കാനാണ് അൽ ഷെയർ ലക്ഷ്യമിടുന്നത്.