മലപ്പുറം: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗ് ചെയ്ത് മര്‍ദിച്ചതായി പരാതി. പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം. ഈ മാസം 18നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജിയണല്‍ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കെ മുഹമ്മദ് നിഹാല്‍ (20) എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നിഹാലിനെ മര്‍ദിച്ചത്.
വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഹാലിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുണ്ടംപ്പറമ്പ് അങ്ങാടിയില്‍ വെച്ച് തടഞ്ഞ് വെക്കുകയും ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ തലപൊട്ടി നാല് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.