CMDRF

6 ലക്ഷം രൂപയ്ക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍

6 ലക്ഷം രൂപയ്ക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍
6 ലക്ഷം രൂപയ്ക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ക്വിഡ് ഹാച്ച്ബാക്ക്, കൈഗര്‍ എസ്യുവി, ട്രൈബര്‍ 7 സീറ്റര്‍ കാര്‍ എന്നിവയാണവ. ഈ മാസം ഒരു റെനോ കാര്‍ വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് ആകര്‍ഷകമായ ഓഫറുകള്‍ കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ലോയല്‍റ്റി ബോണസ് എന്നിവയ്‌ക്കൊപ്പം, തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് അഡീഷനല്‍ റഫറല്‍, കോര്‍പ്പറേറ്റ്, ലോയല്‍റ്റി ബെനഫിറ്റുകള്‍ നേടാനാണ് ഈ മാസം അവസരമുള്ളത്. ഇന്ത്യയില്‍ റെനോ വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള കാറാണ് ക്വിഡ്. മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ നേരിട്ടുള്ള എതിരാളിയായ ക്വിഡിന് ഈ മാസം 40,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 68 bhp പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. 4.70 ലക്ഷം മുതല്‍ 6.45 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ എക്സ്ഷോറൂം വില.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ വിഭാഗമാണ് എസ്യുവികൾ. ഈ മാസം ഒരു എസ്യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ക്ക് 40000 രൂപ വരെ കിഴിവില്‍ റെനോ കൈഗര്‍ എസ്യുവി സ്വന്തമാക്കാം. എസ്യുവി വിഭാഗത്തില്‍ തന്നെ രണ്ട് സെഗ്മെന്റുകളില്‍ റെനോ കൈഗര്‍ മാറ്റുരക്കുന്നു. എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോടും നിസാന്‍ മാഗ്നൈറ്റിനോടും എതിരിടുന്നു. അതേ സമയം ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര 3X0 എന്നിവയുടെ വെല്ലുവിളി നേരിടേണ്ടതായി വരുന്നു. കൈഗര്‍ എസ്യുവി നാല് എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളില്‍ ലഭ്യമാണ്. 72 bhp, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ഓപ്ഷനുകളില്‍ വരുന്നു. 100 bhp, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. 6.00 ലക്ഷം രൂപ മുതലാണ് റെനോ കൈഗറിന്റെ വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 11.23 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 7 സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍. ഈ കോംപാക്റ്റ് സെവന്‍ സീറ്റര്‍ കാറിന് ഈ മാസം മൊത്തം 35,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൈഗറിന്റെ അതേ 72 bhp, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിനും കരുത്ത് പകരുന്നത്. മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതില്‍ വരുന്നു. 6.00 ലക്ഷം മുതല്‍ 8.98 ലക്ഷം വരെയാണ് ഈ മൂന്നുവരി മോഡലിന്റെ എക്സ്ഷോറൂം വില. റെനോയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കൈഗര്‍ എസ്യുവിയുടെ ഒരു സ്പോര്‍ട്ടിയര്‍ വേരിയന്റ് പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. വരും ആഴ്ചകളില്‍ ഇത് വിപണിയില്‍ എത്തുമെന്നാണ് സൂചന. മാത്രമല്ല ഐതിഹാസിക മോഡലായ ഡസ്റ്ററിന്റെ റീഎന്‍ട്രിക്ക് വേണ്ടിയും വാഹനപ്രേമികള്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ആഗോള വിപണികളില്‍ അവതരിപ്പിച്ച ന്യൂജെന്‍ ഡസ്റ്ററിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്ത് വരും.

Top