ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനെ പലകുറി പഴിപറഞ്ഞ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രത്യേകപദവി എടുത്തുകളഞ്ഞ ജമ്മു കശ്മീരില്‍ നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാളുകളാണ്. പ്രത്യേകാവകാശങ്ങള്‍ എടുത്ത് മാറ്റി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചശേഷം നടക്കുന്ന ആദ്യ ജനവിധിയെ രാജ്യം ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. ജമ്മു കശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരതയുടെയും മൂലകാരണം നെഹ്റുവിന്റെ മണ്ടത്തരങ്ങളാണെന്ന് വാദിച്ച ബിജെപി ആര്‍ട്ടിക്കിള്‍ 370 കശ്മീരി സംസ്‌കാരത്തെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു കോണില്‍ ഒതുക്കിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതിലൂടെ നെഹ്‌റു ചെയ്ത മണ്ടത്തരങ്ങള്‍ മോദി തിരുത്തിയെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നുമായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.
ജമ്മു കശ്മീര്‍ അഭിമുഖീകരിക്കുന്ന തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗം അനുച്ഛേദം 370 റദ്ദാക്കുകയാണെന്ന് വാദിച്ച ബിജെപി നാളേറെയായി അശാന്തമായി തുടരുന്ന കശ്മീരിനെ കുറിച്ച് മൗനം പാലിക്കുകയാണ്. സ്വാതന്ത്ര്യദിനത്തലേന്നടക്കം ചോര വീണുകുതിര്‍ന്ന, കാശ്മീരില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുകയാണ്. മൂന്ന് ഘട്ടമായാണു ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18 നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25 നും മൂന്നാമത്തേത് ഒക്ടോബര്‍ 1 നും ആരംഭിക്കും. സുരക്ഷാ മുന്‍കരുതലുകള്‍ അവലോകനം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രഭരണ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ജമ്മുവില്‍ 43 സീറ്റുകളും കശ്മീരില്‍ 47 സീറ്റുകളുമാണുള്ളത്. 3.71 ലക്ഷം കന്നി വോട്ടര്‍മാരാണ് കേന്ദ്രഭരണപ്രദേശത്തുള്ളത്. ഒക്ടോബര്‍ നാലിന് ഫലം പ്രഖ്യാപിക്കും. ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പേര്‍ പോളിങ് ബൂത്തിലെത്തുമെന്ന ആത്മവിശ്വാസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വൈകുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
2024 സെപ്തംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഡിസംബറില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ അന്ത്യശാസനം. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ കേന്ദ്രം റദ്ദാക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലെ തീരുമാനവും ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയും പരിശോധിച്ച കോടതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പരമാധികാരം ജമ്മു കശ്മീരിനും ഇല്ലെന്ന് വിലയിരുത്തി രാഷ്ട്രപതിയുടെ വിജ്ഞാപനം ശരി വയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ 2019 ഓഗസ്റ്റ് 5 ലെ തീരുമാനം കോടതി ഏകകണ്ഠമായി ശരിവച്ചു.
ഇതോടെ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയും ഇല്ലാതായി. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സെപ്തംബര്‍ 30നകം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും ബെഞ്ച് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിന് പിന്നാലെ ഉണ്ടായ സുപ്രീം കോടതി ഇടപെടലാണ് കശ്മീരില്‍ തിരഞ്ഞെടുപ്പ് വേഗത്തിലാക്കിയത്. 2024 സെപ്റ്റംബര്‍ 30 നുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് മൂന്ന് ഘട്ടങ്ങളിലായി ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ എന്താണ് സംഭവിച്ചത്?
ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും ഒടുവിലായി ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നാടകീയ സംഭവങ്ങള്‍ പലതുണ്ടായി. ഇരു കക്ഷികളും സഖ്യം ഉപേക്ഷിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തി. 2014 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നിട്ടും 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡിസംബര്‍ 23 ന് പ്രഖ്യാപിച്ച ഫലങ്ങളില്‍ 87 സീറ്റുകളുള്ള നിയമസഭയില്‍ 28 സീറ്റുകളുമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നു. ബിജെപി 25 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റും ജെകെപിസിക്ക് രണ്ട് സീറ്റും സിപിഐ എമ്മും ജെകെപിഡിഎഫ് ഓരോ സീറ്റ് വീതവും സ്വതന്ത്രര്‍ 3 സീറ്റും നേടി. ഒമര്‍ അബ്ദുള്ള രാജിവെക്കുകയും കുറച്ചുകാലത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുത്ത ബിജെപി പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ ആദ്യമായി സഖ്യകക്ഷിയാകുന്നത് ബിജെപി ചരിത്രത്തില്‍ ആദ്യമായിരുന്നു. മുഫ്തി മുഹമ്മദ് സയീദ് അന്ന് മുഖ്യമന്ത്രിയുമായി. ജനുവരി 2016 ല്‍ അദ്ദേഹത്തിന്റെ മരണശേഷം കശ്മീരില്‍ ഇടക്കാല ഗവര്‍ണര്‍ ഭരണം നിലനിന്നിരുന്നു. പിന്നീട് മെഹബൂബ മുഫ്തി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി. എന്നാല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ 2018 ജൂണ്‍ 19 ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് മെഹബൂബക്ക് കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് സഖ്യസര്‍ക്കാരില്‍ ബിജെപിക്ക് തുടരാന്‍ കഴിയില്ലെന്നും സംസ്ഥാനത്തിന്റെ അധികാരം ഗവര്‍ണര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായും അറിയിച്ചു. ബി.ജെ.പിയുടെ ‘മസില്‍ പോളിസി’യെ കുറ്റപ്പെടുത്തി മെഹബൂബ മുഫ്തി അന്ന് രംഗത്തെത്തിയിരുന്നു. ചില പ്രാദേശിക പാര്‍ട്ടികള്‍ പിഡിപിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായെങ്കിലും ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടു. 2018 ല്‍ ജമ്മു കശ്മീരില്‍ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ജമ്മു കശ്മീരില്‍ പഞ്ചായത്ത്, തദ്ദേശ, നഗര സ്ഥാപനങ്ങള്‍ എന്നിവയും ഇല്ല. 2024 ജനുവരി ഒന്‍പതിന് പഞ്ചായത്ത്, ബ്ലോക്ക് വികസന കൗണ്‍സിലുകളില്‍ നിന്നുള്ള 28,000 പ്രതിനിധികളുടെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിച്ചിരുന്നു. 2018 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അവസാനമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. അതേവര്‍ഷം ഒക്ടോബറില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പും നടന്നു. ഒബിസി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും കാലതാമസം നേരിട്ടിരുന്നു. പിന്നാലെയാണ് ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇത്രയും കാലമായി ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കാതിരുന്ന കശ്മീര്‍ ജനതയ്ക്ക് മുന്നില്‍ ഇനി ആ അവസരത്തിനുള്ള നാളുകളാണ്.
റിപ്പോർട്ടർ; മിന്നു വിൽസൺ