പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. അപകടത്തെ തുടര്‍ന്ന് പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.
കാലിന് പരിക്കേറ്റ ഡ്രൈവര്‍ ചെന്നൈ സ്വദേശി ബാലകൃഷ്ണന്‍ (35) കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്ത് പാചകവാതകമെത്തിച്ച് മംഗളൂരുവിലേക്ക് മടങ്ങിയ ടാങ്കറും കാസര്‍കോടുനിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഓടിക്കൂടിയ നാട്ടുകാരും പാതയിലൂടെ കടന്നുപോവുകയായിരുന്ന മറ്റു വാഹന ഡ്രൈവര്‍മാരും ചേര്‍ന്നാണ് ടാങ്കര്‍ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്.വളപട്ടണം ഖലാസികളും വളപട്ടണം പൊലീസും നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനങ്ങള്‍ പാലത്തില്‍നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും സ്‌കൂട്ടര്‍ യാത്രികര്‍ മേല്‍പാലത്തിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.