ലഖ്നോ: കനത്ത മഴയ്ക്കിടെ തിരക്കേറിയ റോഡിന്റെ മധ്യത്തിൽ ഗതാഗതം തടസ്സപ്പെടുത്തി കസേരയിട്ടിരുന്ന് യുവാവ്. കനത്ത മഴക്കിടയിലാണ് യുവാവ് നടുറോഡിൽ കസേരയിട്ടിരുന്നത്.
ഇയാൾ റോഡിൽ കസേരയിട്ട് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള ദൃശ്യമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം; രോഗികൾക്ക് തെരുവിൽ ചികിത്സ നൽകി പ്രതിഷേധം
പൊലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് യുവാവ് റോഡിൽ കസേരയിട്ട് ഇരുന്നത്. വാഹനങ്ങൾ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ട്രക്ക് ഇയാളെ കടന്നുപോയപ്പോൾ കസേരയുടെ ഒരു വശത്ത് ഇടിക്കുകയും യുവാവ് നിലംപതിക്കുകയും ചെയ്തു. വാഹനം നിർത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ വാഹനം നിർത്തേണ്ടതില്ലെന്ന് പറഞ്ഞ് ജനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇടിയുടെ ആഘാതത്തിൽ കസേരയിലിരുന്നയാൾ താഴേക്ക് വീണുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അന്വേഷണത്തിൽ യുവാവിന്റെ കുടുംബാംഗങ്ങൾ ഇയാൾക്ക് മാനസികാസ്വാസ്ഥമുള്ളതായി സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ നിയമനടപടികൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.