തട്ടിക്കൊണ്ടുപോയയാളെ വിട്ടുപിരിയാനാകാതെ രണ്ടുവയസ്സുകാരൻ. ജയ്പൂരിലാണ് സംഭവം. പൊലീസ് രക്ഷിക്കാനെത്തിയ കുട്ടി പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്ന ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പ്രതിയിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി അമ്മയെ ഏൽപിക്കാൻ ശ്രമിച്ചപ്പോൾ വിട്ടുപോകാൻ കൂട്ടാക്കാതെ കരയുകയാണ് കുട്ടി. കരച്ചിൽ കേട്ട് പ്രതിയും കരയുന്നുണ്ട്. ഒടുവിൽ വളരെ കഷ്ടപ്പെട്ട് കുഞ്ഞിനെ പ്രതിയിൽ നിന്ന് പിടിച്ചുമാറ്റി അമ്മയെ ഏൽപിച്ചു. അപ്പോഴും നിർത്താതെ കരയുകയാണ് കുഞ്ഞ്.
തട്ടിക്കൊണ്ടുപോകുമ്പോൾ പൃഥ്വി എന്ന കുട്ടിക്ക് 11 മാസമായിരുന്നു പ്രായം. ഇപ്പോൾ രണ്ടുവയസായി. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ തനൂജ് ഛഗാർ എന്ന ആഗ്ര സ്വദേശി തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായി. കഴിഞ്ഞ ദിവസം പൊലീസ് കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇത്രയും കാലംകൊണ്ട് കുഞ്ഞ് പ്രതിയുമായി വലിയ ആത്മബന്ധത്തിലായി.
പ്രതിയായ തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപ പൊലീസ് പ്രഖ്യാപിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വൃന്ദാവനിൽ യമുന നദിക്കടുത്തുള്ള ഖദേർ പ്രദേശത്തെ കുടിലിൽ സന്യാസിയായാണ് തനൂജ് കഴിഞ്ഞത്. പൃഥ്വിയെ സ്വന്തം മകനെ പോലെയാണ് ഇയാൾ സംരക്ഷിച്ചതെന്നും പൊലീസ് പറയുന്നു.
അന്വേഷണത്തിനിടെയാണ് തനൂജ് വേഷം മാറി സന്യാസിയായി ജീവിക്കുന്ന വിവരം പൊലീസ് അറിഞ്ഞത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരായി വേഷം കെട്ടി അതേ പ്രദേശത്ത് താമസം തുടങ്ങി. ആഗസ്റ്റ് 27ന് തനൂജ് അലിഗഡിൽ പോയെന്ന് വിവരം ലഭിച്ചു. പിന്നാലെ അലിഗഡിലെത്തിയ പൊലീസിനെ കണ്ട് കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.