കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം കയറ്റി സിവിക് വളണ്ടിയർ. പ്രതിഷേധിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെയാണ് കൊൽക്കത്ത പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന സിവിക് വളണ്ടിയറായ ഗംഗാസാഗർ ഗോൾഡ് വാഹനം കയറ്റിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഗംഗാസാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങളിലൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ഗംഗാസാഗറിനെ വളഞ്ഞ പ്രതിഷേധക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥൻ തരകേശ്വർ പുരിക്കെതിരെയുള്ള പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊൽക്കത്തയിലെ ബിടി റോഡിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗർ വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തെ തുടർന്ന് കൂടുതൽ പ്രതിഷേധക്കാർ വരികയും ഗംഗാസാഗറിനെ വളഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. വാഹനം ഇടിച്ചുകയറ്റുന്നതിന്റെയും വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Also Read:ഇന്ത്യയിൽ മരണം വിതയ്ക്കുന്നത് റോഡുകളാണ് : നിതിൻ ഗഡ്കരി
ഗംഗാസാഗർ ആദ്യം പ്രതിഷേധക്കാരോട് കയർത്ത് സംസാരിച്ചെങ്കിലും പിന്നീട് മാപ്പ് പറയുന്നതും വീഡിയോയിൽ കാണാം. പക്ഷേ പ്രതിഷേധക്കാർ അദ്ദേഹത്തെ വിടാൻ കൂട്ടാക്കിയില്ല. തങ്ങൾ കുറേകാലമായി മാപ്പ് നൽകുകയാണെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയുടെ കാരണമെന്നും വിളിച്ച് പറയുന്നൊരാളെ വീഡിയോയിൽ കാണാം. തുടർന്ന് പ്രതിഷേധക്കാരിൽ നിന്നും ഗംഗാസാഗറിനെ മാറ്റി നിർത്താൻ ട്രാഫിക് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ വാക്ക് തർക്കമുണ്ടാകുകയായിരുന്നു. സംഭവത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബിടി റോഡ് ഉപരോധിച്ചു. രാവിലെ 9.30 വരെ പ്രതിഷേധം സംഘടിപ്പിച്ചു. ഗംഗാസാഗറിന്റെ അറസ്റ്റിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.