ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരും,കേരളത്തിൽ വൻ ജയം നേടും,തുറന്നു പറഞ്ഞ് എ.വിജയരാഘവൻ

ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരും,കേരളത്തിൽ വൻ ജയം നേടും,തുറന്നു പറഞ്ഞ് എ.വിജയരാഘവൻ
ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരും,കേരളത്തിൽ വൻ ജയം നേടും,തുറന്നു പറഞ്ഞ് എ.വിജയരാഘവൻ

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു കൊണ്ട് ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കില്ലന്ന് സി.പി.എം പി.ബി അംഗവും പാലക്കാട് ലോകസഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എ വിജയരാഘവൻ. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ യു.ഡി.എഫുകാർ വോട്ട് പിടിച്ചത്. എന്നാൽ ഇത്തവണ അത് പറഞ്ഞിട്ട് കാര്യമില്ലന്ന് ബോധ്യമുള്ളതിനാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദം കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ പോലും മുന്നോട്ട് വയ്ക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസികളെ പേടിച്ച് പാർട്ടി മാറുന്ന നേതാക്കൾ ഉള്ള പാർട്ടിയായി കോൺഗ്രസ്സ് മാറി കഴിഞ്ഞു. ഇടതുപക്ഷം പശ്ചിമ ബംഗാളിൽ ഉൾപ്പെടെ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നും വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ വലിയ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകും. യു.ഡി.എഫ് നേരിടുന്ന തിരിച്ചടി ലീഗിനും അനുഭവിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:-

പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരവിൻ്റെ പാതയിലാണോ ?

പശ്ചിമ ബംഗാളിൽ മുൻകാലങ്ങളെക്കാൾ ഇടതുപക്ഷം സ്ഥിതി നല്ല രൂപത്തിൽ മെച്ചപ്പെടുത്തും എന്നാണ് ഞാൻ കരുതുന്നത്. കാരണം, പശ്ചിമബംഗാളിൽ മമത ബാനർജി കെട്ടഴിച്ചുവിട്ട അക്രമത്തിന്റെയും അർദ്ധ ഫാസിസത്തിന്റേതുമായ രാഷ്ട്രീയമുണ്ട്, ജനങ്ങളിപ്പോൾ അതിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കയാണ്. തീർച്ചയായും അതിന്റെ സ്വാധീനം പ്രതിഫലിക്കും. പശ്ചിമ ബംഗാളിനെ വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. നിലനില്പിനുവേണ്ടി മമത ബാനർജി സ്വീകരിച്ച നിലപാടുകളും അവരുടെ മൃദുഹിന്ദുത്വവും എല്ലാം പശ്ചിമബംഗാളിനെ കുറേക്കൂടി വർഗ്ഗീയവൽക്കരിച്ചിട്ടുണ്ട്. ഇതിനിടയിലൂടെ സ്വാഭാവികമായും ശരിയായ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുവരാൻ നിരവധി പ്രയാസങ്ങളുണ്ട്. അതിലൊന്ന് ബംഗാളിലെ തിരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള പണാധിപത്യമാണ്. ഈ ആധിപത്യത്തെയും നേരിട്ട് ഇടതുപക്ഷം അതിന്റെ സ്ഥിതി മെച്ചപ്പെടുത്തുക തന്നെ ചെയ്യും.

രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിൻ്റെ സാധ്യതയെ ബാധിക്കുമോ ?

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചതുകൊണ്ട് ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കില്ല. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കഴിഞ്ഞതവണ പ്രചരിപ്പിച്ചിരുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയും ആയില്ല പ്രതിപക്ഷ നേതാവുമായില്ല. പക്ഷെ ഇത്തവണ അത്തരം പ്രചാരണങ്ങളില്ല. പ്രതിപക്ഷ നേതാവാകാൻ ലോക്സഭയിൽ പത്തിലൊന്ന് സീറ്റ് കിട്ടണം. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ബിജെപിക്കെതിരായി,ഒറ്റക്ക് നിന്ന് അവരെ തോൽപ്പിക്കാൻ കഴിയുന്ന ഒരുപ്രതിപക്ഷ പാർട്ടിയും നിലവിൽ ഇന്ത്യയിലില്ല. ഇന്ത്യയിലെ കരുത്തുറ്റപ്രാദേശിക പാർട്ടികളെക്കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടേ ബിജെപിയെ തോൽപ്പിക്കാൻ കഴിയൂ.

കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേക്കേറുന്നത് എന്തുകൊണ്ടാന്നെന്നാണ് വിലയിരുത്തുന്നത് ?

നെഹുറുവിന്റെ കാലത്തെ കോൺഗ്രസ്സല്ല ഇന്നത്തെ കോൺഗ്രസ്സ്. അന്നത്തെ പ്രവർത്തനങ്ങൾക്ക് ചില മൂല്യങ്ങളുടെ പിൻബലമുണ്ടായിരുന്നു, ആ മൂല്യങ്ങൾകൂടി കലർന്നതാണ് കോൺഗ്രസ്സിന് കിട്ടിയ ജനകീയ അംഗീകാരം. ഇന്ന് മൂല്യ രഹിത പാർട്ടിയാണ് കോൺഗ്രസ്സ്. കോൺഗ്രസ്സിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും എങ്ങോട്ടും മാറാം. മഹാത്മാ ഗാന്ധിയെ വെള്ളക്കാർ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം വെള്ളക്കാരോട് പറഞ്ഞത് ‘ തരാവുന്നതിന്റെ ഏറ്റവും കൂടിയ ശിക്ഷ തന്നോളൂ’ എന്നാണ്. എന്നാൽ ഇന്ന് കോൺഗ്രസ്സുകാരോട് ചോദിച്ചാൽ ‘ജയിലിൽ പോകാൻ സാധിക്കില്ല, അതുകൊണ്ട് ബിജെപിയിലേക്ക് പോകുന്നു’ എന്നാണ് പറയുക. ഗാന്ധിയുടെ പാരമ്പര്യത്തിൽ നിന്ന് കോൺഗ്രസ്സ് ഇപ്പോൾ ഇവിടെയാണ് എത്തിനിൽക്കുന്നത്.

മുസ്ലീംലീഗിൻ്റെ അവസ്ഥ ഈ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എന്താകും ?

യുഡിഎഫിന് അകത്തുള്ള രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. സ്വാഭാവികമായും യുഡിഎഫിന് സംഭവിക്കുന്ന എല്ലാ തിരിച്ചടികളും ലീഗിനുമുണ്ടാകും.

ലീഗ് ഇടതുപക്ഷത്തേക്ക് വരാൻ തയ്യാറായാൽ സി.പി.എം എന്തു നിലപാട് സ്വീകരിക്കും ?

ലീഗ് വരാമെന്നു പറയാത്തതുകൊണ്ട് തന്നെ ഈ ചോദ്യം അപ്രസക്തമാണ്.

ഇടതുപക്ഷത്തിന് മൂന്നാമതൊരു ഭരണതുടർച്ച കേരളത്തിൽ പ്രതീക്ഷിക്കുന്നുണ്ടോ ?

തീർച്ചയായും ഇടതുപക്ഷത്തിനാണ് ഇനിയും ഭരണസാധ്യത. കാരണം, ഇടതുപക്ഷം മുന്നോട്ടുവച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ കേരളത്തെ പൊതുവെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, ജനജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്. ഇടതുപക്ഷത്തിന് കേരളത്തിന്റെ വികസനത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുണ്ട്. പുതിയ കേരളമെന്നതിലും ജനങ്ങളുടെ അഭിവൃദ്ധിയിലും വ്യക്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടു തന്നെ ഇടതുപക്ഷത്തിൻ്റെ ജനപിന്തുണ തീർച്ചയായും വർധിക്കും. കേരളത്തിന്റെ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭ സമരങ്ങളിലേക്ക് നീങ്ങാനും ഇടതുപക്ഷത്തിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. എല്ലാ രീതിയിലും വളർച്ചയുടെ വാതിൽ തുറന്നാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഈ നല്ല പ്രവർത്തനങ്ങൾക്കെല്ലാം കേരളത്തിലെ ജനത അംഗീകാരം നൽകും.

ഡൽഹി മുഖ്യമന്ത്രിയെ അകത്താക്കിയതു പോലെ കേരള മുഖ്യമന്ത്രിയെയും അകത്തിടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്താണ് പ്രതികരണം ?

കഴിഞ്ഞ കുറേക്കാലമായി മുഖ്യമന്ത്രി പിണറായി വിജയനെ അകത്തിടും എന്ന് പറയുന്നതാണ്. അദ്ദേഹത്തെ അഴിമതിക്കാരനാക്കാനാക്കാൻ വലിയ പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കള്ളക്കേസുകൾ കെട്ടിച്ചമച്ചിട്ടുണ്ട്. അദ്ദേഹം എംഎൽഎ ആയിരിക്കെ ഭീകരമായി മർദിക്കുകയും അടിയന്തരാവസ്ഥ കാലം മുഴുവൻ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സഖാവ് പിണറായി വിജയന്റെ വ്യക്തിത്വത്തിനോ വ്യക്തിമഹിമയ്‌ക്കോ ഇടിവുണ്ടായിട്ടില്ല. കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തെ അങ്ങനെ എളുപ്പത്തിൽ ജയിലിലിടാനാകില്ല. കാരണം, ഒരുതരം അഴിമതിക്കും വിധേയനാകുന്ന ആളല്ല അദ്ദേഹം. ബിജെപി നേതാക്കൾക്ക് എന്തും പ്രസംഗിക്കാം, അധികാരമുണ്ട് എന്നുള്ളതുകൊണ്ട് പലതും പ്രസംഗിക്കുന്ന കൂട്ടത്തിൽ ഒരു പ്രസംഗം എന്ന രൂപത്തിൽ മാത്രം ഇതിനെ കണ്ടാൽ മതി. അതിനപ്പുറമുള്ള മൂല്യം ഇത്തരം വാചകമടികൾക്കില്ല.

(അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക)

Top