പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് എ വിജയരാഘവൻ

ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നവര്‍ ആര്‍എസ്എസുമായി വോട്ടുകച്ചവടം നടത്തുന്നവരാണ്.

പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് എ വിജയരാഘവൻ
പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് എ വിജയരാഘവൻ

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ആർഎസ്എസ് നേതാക്കളുമായി നീക്കുപോക്കിന് തയാറാകാത്ത പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസും സിപിഐഎമ്മും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്നവർ ആർഎസ്എസുമായി വോട്ടുകച്ചവടം നടത്തുന്നവരാണ്. കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആർഎസ്എസ് ബന്ധം പുലർത്തിയവരാണ്. കോൺഗ്രസിന്റെ 86,965 വോട്ടുകൾ തൃശൂരിൽ നിന്ന് ബിജെപിയിലേക്ക് പോയി. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞത് കോൺഗ്രസിന്റെ മുൻ നേതാവ് പത്മജ വേണുഗോപാലാണ്. എകെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി മൽസരിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

Also Read:തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് കൂടി; എം എ ബേബി

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം അറിഞ്ഞിട്ടും പതിനാറ് മാസം വി ഡി സതീശൻ ഒളിപ്പിച്ച് വച്ചത് എന്തിനാണ്. ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം ആർ അജിത്കുമാർ. ആർഎസ്എസ് നേതാവ് ദത്താത്രേയെ കണ്ടത് എന്തിനാണെന്ന് അറിയില്ല. കൂടിക്കാഴ്ചയുടെ കാരണം അറിയാതെ അതിൽ പ്രതികരിക്കാനാകില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു..

അതേസമയം എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ഒരു ദൂതുമായി ആർഎസ്എസ് നേതാവിനെ കാണുകയായിരുന്നു. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം അജിത് കുമാറിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Top