കൊച്ചി: ഭൂതത്താന്‍കെട്ട് തുണ്ടം ഫോറസ്റ്റ് റേഞ്ചില്‍ കാടുകയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. തൃശ്ശൂരില്‍നിന്നുള്ള എട്ടംഗ എലിഫന്റ് സ്‌ക്വാഡും വനപാലകരും ചേര്‍ന്നാണ് ആനയ്ക്കുവേണ്ടി തിരച്ചില്‍ നടത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു. വെള്ളിയാഴുച്ച മുതൽ ആരംഭിച്ച തിരച്ചിലാണ് അവസാനിച്ചത്.
ഷൂട്ടിങ് സെറ്റിൽ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു. ആനകൾ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍ സാധു എന്ന കൊമ്പനെ കുത്തിയത്.
കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ദീർഘ നേരം തിരച്ചിൽ നടത്തി. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള പുതുപ്പള്ളി സാധു. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു.