ലക്നോ: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ യുവതി ആംബുലൻസിൽ പ്രസവിച്ചു. ചില സങ്കീർണതകൾ കാരണം പ്രസവം സാധാരണഗതിയിൽ നടത്താൻ കഴിയില്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ആദ്യം അധികൃതർ അറിയിച്ചു. പിന്നീട് അനസ്തേഷ്യോളജിസ്റ്റിന്റെ അഭാവം പറഞ്ഞ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി ഇവരുടെ ഭർത്താവ് പറഞ്ഞു. മെയിൻപുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം.
സംഭവം പുറത്തറിഞ്ഞതോടെ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതന്വേഷിക്കാൻ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.സി ഗുപ്ത പറഞ്ഞു.